16 വര്‍ഷത്തിന് ശേഷമുള്ള ബലാത്സംഗ ആരോപണം വിശ്വസനീയമല്ല: ഹൈക്കോടതി



കൊച്ചി: 16 വര്‍ഷത്തിനു ശേഷം ബലാത്സംഗ ആരോപണവുമായി രംഗത്തു വരുന്നത് പ്രഥമദൃഷ്ട്യാ വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഹൈക്കോടതി. പരാതി നല്‍കിയതിലെ നീണ്ട കാലതാമസവും, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും പരിഗണിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം. 

പത്തനംതിട്ട സ്വദേശി ബിജു പി വിദ്യക്കെതിരായ ബലാത്സംഗക്കേസ് കോടതി റദ്ദാക്കി.  2001 ല്‍ പ്രതി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ കേസില്‍ പ്രഥമ വിവര മൊഴി നല്‍കിയത് 2017 ലാണ് എന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിവാഹിതയും അമ്മയുമായ യുവതിയെ പ്രതി ബിജു 2001 ല്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

കേസില്‍ 2017 ഫെബ്രുവരി 22 നാണ് പ്രഥമ വിവര മൊഴി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എഫ്‌ഐആറിലെ മൂന്നുപേരെ ഒഴിവാക്കുകയും തനിക്കെതിരെ മാത്രമാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയതെന്നും പ്രതി ബിജു ചൂണ്ടിക്കാട്ടി. കുറ്റം വെളിപ്പെടുത്താനെടുത്ത 16 വര്‍ഷത്തെ കാലതാമസം, ഈ ബന്ധത്തിനിടെ 20 ലക്ഷം രൂപ കടം വാങ്ങുകയും അത് തിരികെ നല്‍കാതിരിക്കുകയും ചെയ്തതും ബിജു കോടതിയെ അറിയിച്ചു.

ഈ പ്രവൃത്തികള്‍ ബന്ധം എന്തുതന്നെയായാലും, ഉഭയസമ്മതത്തോടെയായിരുന്നു എന്നതിനു തെളിവാണെന്നും വ്യക്തമാക്കി. തുടര്‍ന്ന് ബലാത്സംഗ ആരോപണം ഗൂഢലക്ഷ്യത്തോടെയാണ് ഉന്നയിക്കപ്പെട്ടതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രതിയില്‍ നിന്നും വാങ്ങിയ പണം ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് കാണിച്ച് പരാതിക്കാരി സത്യവാങ്മൂലം സമര്‍പ്പിച്ച കാര്യവും ചൂണ്ടിക്കാട്ടി കോടതി കേസ് തീര്‍പ്പാക്കി.


أحدث أقدم