കള്ളിൽ സ്പിരിറ്റ് കലക്ക് വീണ്ടും; തിരുവല്ലയിൽ ഷാപ്പിൽ സൂക്ഷിച്ച 20 ലീറ്റർ പിടികൂടി എക്‌സൈസ്


 
കള്ളിന്റെ ലഹരി കൂട്ടാന്‍ സ്പിരിറ്റ് കലക്കുന്നത് പിടികൂടി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് . പത്തനംതിട്ട തിരുവല്ല റെയ്ഞ്ചിലെ TS No. 8 സ്വാമിപ്പാലം കള്ളുഷാപ്പില്‍ നിന്നാണ് സ്പിരിറ്റ് കലക്കിയ കള്ള് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്. കള്ളില്‍ ചേര്‍ക്കാന്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റും കണ്ടെത്തി.

കള്ളുഷാപ്പിന് പുറത്തുള്ള ശുചിമുറിക്ക് സമീപം ഒളിപ്പിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. രണ്ട് ബിഗ് ഷോപ്പറുകളിലായി 5 ലിറ്ററിന്റെ 4 കന്നാസ്സുകള്‍ നിറയെ സ്പിരിറ്റാണ് എക്‌സൈസ് കണ്ടെത്തിയത്. കള്ള് ഷാപ്പിന്റെ ലൈസന്‍സി സുരേഷ്, മാനേജര്‍ രഘു, ജീവനക്കാരന്‍ സാബു എന്നിവരെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ റ്റി. ആര്‍. മുകേഷ്‌ കുമാര്‍, എസ്. മധുസൂദനന്‍ നായര്‍, കെ.വി.വിനോദ്, ആര്‍.ജി.രാജേഷ്, ഡി. എസ്.മനോജ് കുമാര്‍, പ്രിവന്റ്റീവ് ഓഫീസര്‍ മനു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍, മുഹമ്മദ് അലി, രജിത്ത് കെ.ആര്‍ എന്നിവരും നടത്തിയ സംഘത്തിലുണ്ടായിരുന്നു.
أحدث أقدم