. പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ 2024 (BR 99)-ന്റെ ബ്ലോ അപ്പ് സെക്രട്ടേറിയറ്റിൽ ധന മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സംസ്ഥാന ധന വകുപ്പു മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്തു. ജൂലൈ 31ന് വിപുലമായ ചടങ്ങോടെ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന പ്രകാശന കർമ്മം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. സെക്രട്ടേറിയറ്റിൽ ധന മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ്, സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടർ എബ്രഹാം റെൻ, ജോയിന്റ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) മായാ എൻ.പിള്ള, ജോയിന്റ് ഡയറക്ടർ എം.രാജ് കപൂർ(ഓപ്പറേഷൻസ്) ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.അനിൽ കുമാർ സെയിൽസ് ആന്റ് പ്രിന്റിംഗ് എന്നിവർ സന്നിഹിതരായി. 500 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിന്റെ നിരക്ക്.
തിരുവോണം ബമ്പറിന്റെ (BR 99) രണ്ടാം സമ്മാനവും കോടികള്‍ തന്നെ. അത് 20 പേര്‍ക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയതുമാണ്. അങ്ങിനെ 20 കോടി. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് നല്‍കുന്ന കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബമ്പര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികള്‍. 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ പത്തു കോടി-ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 10 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അമ്പതു ലക്ഷം- 10 പരമ്പരകള്‍ക്ക് ), 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ ഇരുപതു ലക്ഷം- ഓരോ സീരീസുകളിലും ഓരോ സമ്മാനം 10 പേര്‍ക്ക് ) ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് വിൽപ്പനയുടെ ആദ്യ ദിവസം തന്നെ അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു.നിലവിൽ 23 ലക്ഷത്തിനു മുകളിൽ വിൽപ്പന നടന്ന ഓണം ബമ്പർ ടിക്കറ്റിന്റെ വിപണിയിലെത്തിക്കുന്ന മുഴുവൻ ടിക്കറ്റുകളും വിറ്റു പോകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. വ്യാജ ടിക്കറ്റുകൾക്കെതിരേ ശക്തമായ പ്രചരണവും നിയമ നടപടികളുമായി വകുപ്പ് മുന്നോട്ട് പോവുകയാണ്. ഇതര സംസ്ഥാനക്കാർക്ക് സമ്മാനമടിച്ചാൽ എന്തു ചെയ്യണമെന്ന് ബോധ്യപ്പെടുത്തുന്നതിനായി ഹിന്ദി ഭാഷയിൽ പോസ്റ്റർ ഉൾപ്പെടെ നൽകാനുള്ള നടപടികളും വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.