കാസർഗോഡ് : സുഹൃത്ത് കിടപ്പറ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി 58 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവാവ്
വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തതോടെയാണ് കാസർകോട് സ്വദേശിയായ മുപ്പത്തഞ്ചുകാരൻ പൊലീസിൽ പരാതി നൽകിയത്. സൗഹൃദം മുതലെടുത്ത് പെൺസുഹൃത്തുമായുള്ള കിടപ്പറരംഗങ്ങൾ ഒളിക്യാമറയിൽ പകർത്തി പണം തട്ടിയെന്നാണ് പരാതി. യുവാവിന്റെ പരാതിയിൽ കാസർകോട് സ്വദേശികളായ അബ്ദുൾ റഹ്മാൻ, ഇർഫാൻ, അമി, ആസിഫ്, മട്ടാഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കൾ എന്നിവർക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എറണാകുളത്ത് താമസിക്കുന്ന 35കാരനായ കാസർകോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. കടവന്ത്രയിൽ ചായക്കട നടത്തുകയാണ് ഇയാൾ. അരക്കോടിയിലധികം രൂപ തട്ടിയെടുത്ത അബ്ദുൾ റഹ്മാൻ വീണ്ടും പണം ആവശ്യപ്പെട്ടിട്ടും നൽകാതെ വന്നതോടെ ആറംഗ സംഘത്തിന്റെ കൂട്ടുപിടിച്ച്
സുഹൃത്തിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഘം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സംഘത്തിന്റെ കയ്യിൽനിന്നും രക്ഷപ്പെട്ട യുവാവ് പൊലീസിൽ അഭയം തേടിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി. കാസർകോട് സ്വദേശികളായ ഇർഫാൻ, അമി, ആസിഫ്, മട്ടാഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കൾ എന്നിവർക്കുമെതിരെയാണ് കേസ്. 2020 മാർച്ചിലാണ് സംഭവങ്ങൾക്ക് തുടക്കം. 35കാരനും ഒന്നാം പ്രതിയുമായ അബ്ദുൾ റഹ്മാൻ അടുത്ത സുഹൃത്തുക്കളായിരുന്നു. സൗഹൃദം മുതലെടുത്ത് ഒന്നാം പ്രതി കിടപ്പുമറിയിൽ ഒളിക്കാമറ സ്ഥാപിച്ച് രംഗങ്ങൾ പകർത്തി. ദൃശ്യങ്ങൾ കാണിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇത് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി പലപ്പോഴായി 52 ലക്ഷം നേരിട്ടും 6 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെയും കൈക്കലാക്കി.
ദൃശ്യങ്ങൾകാട്ടി വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന് ഒന്നാം പ്രതിയുടെ നേതൃത്വത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാൻ പദ്ധതിയിട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് യുവാവിനെ കടവന്ത്ര കെ.കെ. റോഡിൽ നടത്തുന്ന ചായക്കടയിൽ നിന്നും സംഘം തട്ടിക്കൊണ്ടുപോയത്. പരിചയം നടിച്ച് ചായക്കടയിൽ എത്തിയ മൂന്നാം പ്രതി സംഘമെത്തിയ കാറിന് സമീപത്തേയ്ക്ക് യുവാവിനെയെത്തിച്ചു. മറ്റുപ്രതികളും ചേർന്ന് ബലംപ്രയോഗിച്ച് കാറിൽകയറ്റി. കൊച്ചി നഗരത്തിലൂടെ കാറുമായി കറങ്ങിയ സംഘം, ഇടക്കൊച്ചിയിലെ ഒരു ഫ്ളാറ്റിൽ എത്തിച്ച് പൂട്ടിയിട്ട് മർദ്ദിച്ചു.
മോചനദ്രവ്യം സംഘം ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഇയാൾ തയ്യാറായില്ല. സംഘത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട യുവാവ് പൊലീസിൽ പരാതിപ്പെട്ടു. പ്രതികൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും കടവന്ത്ര പൊലീസ് പറഞ്ഞു.