രാജിവച്ചതിന് പിന്നാലെ വിനേഷ് ഫോഗട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലെത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും അവിടെ എത്തി. ചര്‍ച്ചയ്ക്ക് ശേഷം എഐസിസി ആസ്ഥാനത്ത് എത്തിയ ശേഷമാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
'ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, റെയില്‍വേയിലെ ജോലി ഞാന്‍ രാജിവയ്ക്കുകയാണ്. തന്റ രാജിക്കത്ത് അധികൃതര്‍ക്ക് കൈമാറി. രാജ്യത്തെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് ഞാന്‍ എപ്പോഴും നന്ദിയുള്ളവനായിരിക്കും.' വിനേഷ് എക്‌സില്‍ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ വിനേഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. ഇക്കാര്യത്തിലും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഒളിംപിക്‌സിന് ശേഷം മടങ്ങിയെത്തിയ വിനേഷ് ഫോഗട്ടിന് ഡല്‍ഹി വിമാനത്താവളം മുതല്‍ അവരുടെ ഗ്രാമമായ ചാര്‍ഖി ദ്രാദ്രി വരെ നീണ്ട സ്വീകരണ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കര്‍ഷക സമരവേദിയിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വിനേഷ് ഫോഗട്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലെ കര്‍ഷകരുടെ സമരപന്തലിലാണ് വിനേഷ് എത്തിയത്. കര്‍ഷകന്റെ മകളായ താന്‍ എന്നും കര്‍ഷക പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് വിനേഷ് പ്രഖ്യാപിച്ചിരുന്നു.