ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്



കൊച്ചി: ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ. ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് നടക്കും.

 ഗവ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ രാവിലെ 9.30 ന് സ്പീക്കർ എഎൻ ഷംസീർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തും. ഹൈബി ഈഡൻ എംപി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 59 കലാസംഘങ്ങളിലായി ആയിരത്തോളം കലാകാരന്മാർ ഘോഷയാത്രയിൽ പങ്കെടുക്കും.

ചരിത്രവും ഐതിഹ്യവും സമകാലിക വിഷയങ്ങളും പ്രതിപാദിക്കുന്ന 15 നിശ്ചലദൃശ്യങ്ങളുമുണ്ടാകും. തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേകോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേകോട്ട, കോട്ടയ്‌ക്കകം, സ്റ്റാച്യു ജംഗ്ഷൻ വഴി നഗരം ചുറ്റുന്ന ഘോഷയാത്ര വൈകുന്നേരം മൂന്നിന്‌ തിരികെ അത്തംനഗറിലെത്തും.

രാവിലെ പത്തിന്‌ സിയോൻ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കളമത്സരവും പൂക്കളപ്രദർശനവും നടക്കും. അതേസമയം അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണിവരെ തൃപ്പൂണിത്തുറയിലും സമീപ പ്രദേശങ്ങളിലും പ്രധാന വഴികളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

 അത്തച്ചമയ ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, എസ്എൻ ജംഗഷൻ, വടക്കേക്കോട്ട, പൂർണതൃയീശ ക്ഷേത്രം എന്നിവിടങ്ങളിലെ പാർക്കിങ്ങും പൂർണമായും നിരോധിച്ചു. 

അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
أحدث أقدم