ശശിക്കെതിരെ അന്‍വര്‍ ഇന്നേവരെ ഒരു ആരോപണവും എഴുതി നല്‍കിയിട്ടില്ല; എഡിജിപി വിഷയത്തില്‍ ഇടതുമുന്നണി ഒറ്റക്കെട്ട്




ന്യൂഡല്‍ഹി: പി ശശിക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ ഇന്നേവരെ ഒരു ആരോപണവും ഒരു പരാതിയും എഴുതി നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എഴുതി നല്‍കിയ ആരോപണം ഉണ്ടെങ്കില്‍ അന്വേഷണം നടത്തും. ഇപ്പോഴത്തെ അന്വേഷണത്തില്‍ ഉയര്‍ന്നുവന്ന എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് എംവി ഗോവിന്ദന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു,

എഡിജിപിയുടെ വിഷയത്തില്‍ ഇടതുമുന്നണിയില്‍ വ്യത്യസ്ത അഭിപ്രായമില്ല. യോജിച്ച തീരുമാനമാണ് ഉണ്ടായത്. ഏറ്റവും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍മാരുടെ പട്ടികയിലാണ് എഡിജപിമാര്‍. അതുകൊണ്ടാണ് എല്ലാ പരിശോധിക്കുന്നതിനായി മുഖ്യമന്ത്രി ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെതിരെയുള്ള ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉടന്‍ തന്നെ നടപടി എടുത്തിട്ടുണ്ട്. അതേ നിലപാട് തന്നെയാകും എഡിജിപിയുടെ കാര്യത്തിലും. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് ഒരു പ്രതിസന്ധിയും ഇല്ല. നിങ്ങള്‍ സൃഷ്ടിച്ച വാര്‍ത്ത നിങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ വരാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാകുന്നത് പാര്‍ട്ടിയല്ല മാധ്യമങ്ങളാണ്. കള്ളവാര്‍ത്ത സൃഷ്ടിക്കുകയും ആ വാര്‍ത്തക്ക് അടിസ്ഥാനമാക്കി സര്‍ക്കാര്‍ നീങ്ങാതെ വരുമ്പോള്‍ പ്രതിസന്ധിയാലാകുന്നത് മാധ്യമങ്ങളാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
أحدث أقدم