അന്വേഷണം പ്രഹസനം; മുഖ്യമന്ത്രി രാജിവയ്ക്കണം: കെ സുരേന്ദ്രൻ.


മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഭരണകക്ഷി എം എൽ എ തന്നെ കൊലപാതകം, മയക്കുമരുന്നു, മാഫിയ, കള്ളക്കടത്ത് തുടങ്ങിയ ഗൗരവതരമായ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

സി പി എം നേതാക്കളെ വരെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എല്ലാം അന്വേഷിക്കും എന്നാണ് എം വി ഗോവിന്ദനും ടി പി രാമകൃഷ്ണനും പറഞ്ഞത്.  എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച  അന്വേഷണം മല എലിയെ പ്രസവിച്ചതുപോലെയാണ്. 

ആരോപണ വിധേയരായ എ ഡി ജി പി അജിത് കുമാറും മുഖ്യമന്ത്രിയുടെ സെക്രട്ടറി പി ശശിയും സ്ഥാനമൊഴിയാതെ എന്തന്വേഷണമാണ് നടക്കുന്നത്. എ ഡി ജി പിയുടെ കീഴിലുള്ള ഉദ്യോഗ്‌സഥർ അയാൾക്കെതിരെ  നടത്തുന്ന അന്വേഷണം പ്രഹസനമായിരിക്കും.  പിണറായി വിജയന്റെ എല്ലാ ദുർനടപ്പുകളുടെയും തെളിവ് എ ഡി ജി പി ക്കറിയാം. അയാളെ സ്ഥാനത്ത് നിന്ന് നീക്കിയാൽ മുഖ്യമന്ത്രിയുടെ കസേര ഇളകും. 

അന്വേഷണം ശരിയായി നടക്കണമെങ്കിൽ അത് കേന്ദ്ര ഏജൻസിയെ ഏല്പിക്കുകയാണ് വേണ്ടതെന്ന് സുരേന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. .
 
എല്ലാം അന്വേഷിക്കുമെന്ന് പറഞ്ഞ് എം വി ഗോവിന്ദനെ വരെ പിണറായി കബളിപ്പിച്ചു. നിങ്ങളെ നോക്കുകുത്തിയാക്കിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇനി ഗോവിന്ദന് കാശിയിലേക്കുള്ള ടിക്കറ്റ് എടുത്തുകൊടുക്കുകയാണ് വേണ്ടത്. അയാളവിടെ പോയി നാമം ജപിക്കുന്നതാണ് നല്ലത്.  

ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമല്ലല്ലോ. ഭരണ കക്ഷി എം എൽ എ തന്നെയെല്ലെ. ആരോപണത്തിലും നടപടിയെടുക്കില്ല. ആരോപണം തെറ്റാണെങ്കിൽ അൻവറിനെതിരെ നടപടിയെടുക്കുമോ. അതും എടുക്കില്ല. ഇപ്പോൾ കെ ടി ജലീൽ എം എൽ എയും മറ്റ് ചില മുൻ എം എൽ എമാരും അൻവറിനെ പിന്തുണയ്ക്കുകയാണ്. 

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ മയക്കുമരുന്നു, കള്ളക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ബി ജെ പി ശക്തമായ സമരരംഗത്ത് വരുമെന്നും സുരേന്ദ്രൻ അറിയിച്ചു.
أحدث أقدم