കൊച്ചി: വിവാദങ്ങള്‍ക്കിടെ വിളിച്ച എഎംഎംഎയുടെ താത്ക്കാലിക യോഗം മാറ്റിവെച്ചു. രാജിവെച്ച പ്രസിഡന്റ് മോഹന്‍ലാലിന്റെ അസൗകര്യത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ആയി ചേരാനിരുന്ന യോഗമാണ് മാറ്റിവെച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും.
ഭരണസമിതി പിരിച്ച് വിട്ട് മൂന്ന് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നാണ് സൂചന.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. താത്ക്കാലിക സമിതി തുടരുമെന്നാണ് അന്ന് എഎംഎംഎ അംഗങ്ങള്‍ അറിയിച്ചത്. ഇതിന് ശേഷം ആദ്യമായാണ് താത്ക്കാലിക ഭരണ സമിതി യോഗം ചേരുന്നത്. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി ഈ യോഗത്തില്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്