എഡിജിപി ഊഴം വെച്ച് ആർഎസ്എസ് നേതാക്കളെ കാണുന്നത് എന്തിന്?; ഷംസീർ പ്രസ്താവന ഒഴിവാക്കണമായിരുന്നു: ബിനോയ് വിശ്വം



കോഴിക്കോട്: എഡിജിപി എം ആർ അജിത് കുമാർ ഊഴം വെച്ച് ആർഎസ്എസ് നേതാക്കളെ കാണുന്നത് എന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദർശനം ആണെങ്കിലും എന്തിനെന്ന് വ്യക്തമാകേണ്ടതുണ്ടെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാട് ബിനോയ് വിശ്വം തള്ളി. ഷംസീർ ആ പ്രസ്താവന ഒഴിവാക്കണമായിരുന്നു. ആർഎസ്എസ് വലിയ സംഘടനയാണെന്ന പ്രസ്താവന ഒരുപാട് ദുർവ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഗാന്ധിജിയെ വധിച്ചതിന്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ് എന്നും ബിനോയ് വിശ്വം പറഞ്ഞു.

ആർ എസ് എസിനെ പ്രകീർത്തിച്ചുള്ള ഷംസീറിന്റ പരാമർശം ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ സിപിഐ ഇക്കാര്യം ആവശ്യപ്പെടുമെന്നും ബിനോയ് വിശ്വം സൂചിപ്പിച്ചു.



أحدث أقدم