പി കെ ശശി ചെയ്തത് നീചമായ പ്രവൃത്തി, ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡന കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; പുറത്താക്കേണ്ടതാണെന്ന് എം വി ഗോവിന്ദന്‍




പാലക്കാട്: കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പി കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയാണെന്ന് സിപിഎം പാലക്കാട് മേഖല റിപ്പോര്‍ട്ടിങ്ങില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. സിപിഎം ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡനക്കേസില്‍ പ്രതിയാക്കാനും പി കെ ശശി ശ്രമിച്ചതായി എംവി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡന കള്ളക്കേസില്‍ പ്രതിയാക്കാന്‍ പി കെ ശശി ഒരു മാധ്യമപ്രവര്‍ത്തകനുമായി ഗൂഢാലോചന നടത്തി. ഇതിന് പാര്‍ട്ടിക്ക് തെളിവു ലഭിച്ചിട്ടുണ്ട്. പി കെ ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടതാണ്. എന്നാല്‍ മുതിര്‍ന്ന നേതാവ് എന്ന പരിഗണന വെച്ചാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ തീരുമാനിച്ചത്. പി കെ ശശി തെറ്റു തിരുത്തുമെന്നാണ് കരുതുന്നതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

സ്വയം തെറ്റു തിരുത്തുക ലക്ഷ്യമിട്ടാണ് പി കെ ശശിക്കെതിരെ തരംതാഴ്ത്തല്‍ നടപടിയെടുത്തത്. പി കെ ശശി ഇത് ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, പി കെ ശശിയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ തീരുമാനിച്ചത്. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റണമെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
أحدث أقدم