കുട്ടികളെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കാൻ ഒരുങ്ങി ആസ്ത്രേലിയ. ഇൻസ്റ്റഗ്രാമും ടിക് ടോക്കുമടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആശങ്കയാണ് നീക്കത്തിന് പിന്നിൽ



സിഡ്നി: കുട്ടികളെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കാൻ ഒരുങ്ങി ആസ്ത്രേലിയ. ഇൻസ്റ്റഗ്രാമും ടിക് ടോക്കുമടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആശങ്കയാണ് നീക്കത്തിന് പിന്നിൽ. കുട്ടികളെ സമൂഹമാധ്യമങ്ങളിൽ നിന്ന് വിലക്കുന്നതിനുള്ള നിയമം ഈ വർഷം അവതരിപ്പിക്കുമെന്ന് ആസ്ത്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് പറഞ്ഞു. പ്രായം സ്ഥിരീകരിക്കുന്നതിനുള്ള ട്രയൽ ഉടൻ ആരംഭിക്കുമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് ഇൻസ്റ്റ​ഗ്രാം ടിക് ടോക് തുടങ്ങിയ സൈറ്റുകളിൽ ലോഗിൻ ചെയ്യാനുള്ള കുട്ടികളുടെ മിനിമം പ്രായം നിലവിൽ നിശ്ചയിച്ചിട്ടില്ല. എന്നാൽ 14നും 16നും ഇടയിലായിരിക്കും ഇതെന്നാണ് കരുതുന്നത്. 16 വയസ്സിന് താഴെയുള്ളവരുടെ ഉപയോ​ഗം തടയുന്നതായിരിക്കും തൻ്റെ മുൻഗണനയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ‌

'മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ഫോൺ ഉപയോ​ഗിക്കുന്നത് നിർത്തി ​ഗ്രൗണ്ടിൽ ഇറങ്ങാൻ ആ​ഗ്രഹിക്കുന്നു, ഞാനും അത് ആ​ഗ്രഹിക്കുന്നു. അവർ യഥാർഥ ആളുകളുമായി ഇടപെട്ട് യഥാർഥ അനുഭവങ്ങൾ ഉണ്ടാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം സോഷ്യൽ മീഡിയ സാമൂഹിക ദോഷമാണ് വരുത്തുന്നുത്, അതൊരു വിപത്താണ്.'- ആൽബനീസ് ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

16 വയസ്സിന് താഴെയുള്ളവരെ സമൂഹമാധ്യങ്ങളിൽ നിന്ന് വിലക്കുന്നതിൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ നേരത്തെ പിന്തുണ അറിയിച്ചിരുന്നു. 'വൈകുന്ന ഓരോ ദിവസവും കുട്ടികൾ സോഷ്യൽ മീഡിയയുടെ ദോഷങ്ങൾക്ക് ഇരയാവുകയാണ്. പ്രായപരിധി നടപ്പിലാക്കാൻ ടെക് കമ്പനികളെ ആശ്രയിക്കേണ്ട സമയം അതിക്രമിച്ചെന്നും' അദ്ദേഹം പറഞ്ഞു.
أحدث أقدم