കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം; മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിവീട്ടുകാർ ഒളിവിൽ


കൊച്ചി: കടവന്ത്രയിൽ നിന്നും കാണാതായ സുഭദ്രയെ (73) കൊലപ്പെടുത്തി കുഴിച്ചുമുടിയതായി സംശയം. ആലപ്പുഴ കലവൂരിലെ വീടിന് സമീപത്തായി നടത്തിയ പരിശോധനയിൽ ഇവരുടേതെന്ന് കരുതുന്ന മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. ഇത് പുറത്തെടുത്ത ശേഷം ഇവരുടേതാണോയെന്നറിയാന്‍ പരിശോധയ്ക്കയക്കും.


മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിവരം തേടി വിളിച്ചപ്പോൾ ഇവർ‌ ഒഴിഞ്ഞു മാറിയെന്നും നിലവിൽ ഇവർ ഒളിവിലാണെന്നും പൊലീസ് പറയുന്നു.

ഓഗസ്റ്റ് 4 നാണ് സുഭദ്രയെ കാണാതായത്. പിന്നീട് 7ന് സുഭദ്രയുടെ മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകി. അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തിയിരുന്നു. ഇതോടെ കേസ് കലവൂര്‍ പൊലീസിന് കൈമാറിയിരുന്നു. തീര്‍ഥാടനയാത്രയ്ക്കിടയിലാണ് വാടകയ്ക്ക് താമസിച്ചിരുന്ന മാത്യൂസ്-ശര്‍മിള ദമ്പതികളെ പരിചയപ്പെട്ടതെന്നാണ് വിവരം. ഇവരുടെ വീട്ടില്‍ സുഭദ്രയെ കണ്ടതായി അയല്‍വാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കൂടാതെ വീടിന് പുറകുവശത്തായി തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതായി പ്രദേശവാസിയായ മേസ്തിരിയും പൊലീസിന് മൊഴി നല്‍കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ എത്തി പരിശോധന ആരംഭിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിടെങ്കിലും ഇതാരാണെന്നത് വ്യക്തമല്ല.


أحدث أقدم