കനത്ത മഴയില്‍ കാര്‍ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കുടുങ്ങി; ബാങ്ക് മാനേജരും കാഷ്യറും മുങ്ങിമരിച്ചു




ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പെയ്ത കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി രണ്ടുപേര്‍ മരിച്ചു. ഫരിദാബാദ് അടിപ്പാതയിലാണ് അപകടം ഉണ്ടായത്. ഗുരുഗ്രാം സ്വദേശികളായ എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജര്‍ പുണ്യശ്രേയ ശര്‍മയും കാഷ്യര്‍ വിരാജ് ദ്വിവേദിയുമാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം മഹീന്ദ്ര എസ് യുവിയില്‍ ഇരുവരും ഫരീദാബാദില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.  അടിപ്പാതയില്‍ കടക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് ഇവര്‍ മുന്നോട്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങിയതിന് പിന്നാലെ വാഹനത്തില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാനേജരുടെ മൃതേദഹം വെള്ളക്കെട്ടില്‍ നിന്നും കാഷ്യറുടെ മൃതദേഹം വാഹനത്തില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കണ്ടെടുത്തതെന്ന് പൊലിസ് പറഞ്ഞു.

ഡല്‍ഹി നഗരത്തിലും വിവിധമേഖലകളിലും രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്. ഇന്നും ഇന്നലെയും കേന്ദ്രകാലാവസ്ഥ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടും ഗതാഗതകുരുക്കും രൂക്ഷമാണ്. രണ്ട് ദിവസത്തിനിടെ പെയ്ത മഴക്കെടുതിയില്‍ മരണം അഞ്ചായി. ഈ മാസം ഡല്‍ഹിയില്‍ 1,000 മില്ലിമീറ്ററിലധികം മഴ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
أحدث أقدم