പാമ്പാടി കെ.ജി. കോളജിന് നാക് എ ഗ്രേഡ്


പാമ്പാടി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര റേറ്റിങ് ഏജൻസിയായ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) മൂന്നാം ഘട്ട റേറ്റിങ്ങിൽ  3.2 സ്കോറോടെ എ ഗ്രേഡിന്റെ അഭിമാന നേട്ടവുമായി  പാമ്പാടി കെ.ജി. കോളജ്.   അക്കാദമികവും അക്കാദമികേതരവുമായ 7 ഘടകങ്ങളെ അടിസ്‌ഥാനമാക്കിയാണു നാക്ക് പിയർ ടീം വിലയിരുത്തൽ നടത്തിയത്

1981 ൽ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ നാമത്തിൽ ഫാ. പി സി യോഹന്നാൻ റമ്പാന്റെ നേതൃത്വത്തിൽ ആരംഭിച്ച കെ.ജി. കോളജിന്റെ അദ്ധ്യയന ചരിത്രം നാലുപതിറ്റാണ്ട് പിന്നിടുമ്പോൾ 7 യു.ജി. കോഴ്സുകളും 2 പി.ജി. കോഴ്‌സുകളും ഒരു ഗവേഷണ കേന്ദ്രവും ഉൾപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മാറി. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൻ പ്രവർത്തിക്കുന്ന കലാലയം എല്ലാത്തരത്തിലുമുള്ള ആധുനിക അക്കാദമികാന്തരീക്ഷം രൂപപ്പെടുത്തിയെടുത്തതിനുള്ള അംഗീകാരമാണ്. പൂർണ്ണമായും സൗരോർജ്ജത്തെ ആശ്രയിക്കുന്ന കലാലയം, നൂറ് വിദ്യാർത്ഥികൾക്ക്  യോഗ പരിശീലിക്കാവുന്ന സൗകര്യമുള്ള സ്വാമി വിവേകാനന്ദ യോഗാ സെൻ്റർ,  ഇന്റർനെറ്റ് സംവിധാനത്തോട്ടുകൂടിയ ആധുനിക കമ്പ്യൂട്ടർ ലാബ്, രാജ്യാന്തര നിലവാരമുള്ള സുവോളജി മ്യൂസിയം, ഇരുപതിനായിരത്തോളം പുസ്‌തകങ്ങളും ഏഴായിരത്തോളം ഡിജിറ്റൽ പുസ്‌തകങ്ങളുമുള്ള ലൈബ്രറി,  സ്വാഭാവികവനം,ശലഭോദ്യാനം, മൂന്ന്ലക്ഷം ലീറ്റർ ശേഷിയുള്ള മഴവെള്ളസംഭരണി, വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്ന ജീവനി കൗൺസിലിങ് സെൻ്റർ, മികച്ച സൗകര്യങ്ങളോടുകൂടിയ വനിതാ ഹോസ്റ്റൽ,ഭാരതീയ ഗുരുശിഷ്യ - ജ്ഞാന പാരമ്പര്യത്തിൽ  പ്രവർത്തിക്കുന്ന മഠത്തിലാശാൻ സെൻ്റർ, ശക്തമായ പൂർവ്വ വിദ്യാർത്ഥി സംഘടനാ, മികച്ച അധ്യാപക - രക്ഷകർത്തൃ സമിതി എന്നിവ കോളജിൻ്റെ പ്രത്യേകതയാണ്.

എൻസിസി. എൻ.എസ്.എസ്, കാർബൺ ന്യൂട്രൽ ക്യാംപസ് എന്ന ലക്ഷ്യത്തിലേക്ക് ക്യാമ്പസിനെ നയിച്ച മാലിന്യ നിർമ്മാർജ്ജനം, മാലിന്യത്തിൽ നിന്ന് പച്ചക്കറി വിളയിക്കുന്ന വെജിറ്റബിൾ ടവർ, ഐ.എസ്.ഒ. സർട്ടിഫിക്കറ്റോട് കൂടിയ ഗ്രീൻ ഓഡിറ്റ് , കുട്ടികളുടെ സമഗ്രവികസനത്തിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനുമായി  രൂപപ്പെടുത്തിയ  പൂർണ്ണവികാസ്, അമൃതംഗമയ, മികച്ച സ്ഥാപനങ്ങളിൽ  പ്ലെയ്‌സ്‌മെൻ്റ്  ഉറപ്പുവരുത്തുന്ന കോളേജിലെ കരിയർ ഗൈഡൻസ് & പ്ലേസ്‌മെൻ്റ് സെല്ല്, കലാ കായിക രംഗങ്ങളിലെ മികവ്, തുടർച്ചയായി ലഭിച്ച യൂണിവേഴ്സിറ്റി റാങ്കുകൾ, റൂസാ ധനസഹായത്തോടെ നിർമ്മിച്ച സെമിനാർ ഹാൾ, വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള ഇന്നവേഷൻ സെൻ്റർ ഇവയെല്ലാം കലാലയത്തിന് മികച്ച ഗ്രേഡ് ലഭിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കെ.ജി. കോളജിനെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റുന്നതിൽ കോർപറേറ്റ്  മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം  മെത്രാപ്പോലീത്ത, റസിഡന്റ് മാനേജർ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്   മെത്രാപ്പോലീത്ത, എം.ഒ.സി. സെക്രട്ടറി ഡോ. എം.ഇ. കുര്യാക്കോസ്, പ്രിൻസിപ്പൽ പ്രൊഫ. (ഡോ) റെന്നി പി. വർഗ്ഗീസ്, ഐ.ക്യൂ.എ.സി കോർഡിനേറ്റർ ലെഫ്. റെനീഷ് ജോസഫ് എന്നിവരുടെ നേത്യത്വത്തിലുള്ള ഭരണ സമിതിയുടെയും അധ്യാപക- അനധ്യാപക, വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനമാണ് കോളജിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് കോളജ് അധികൃതർ അറിയിച്ചു.
أحدث أقدم