അബുദാബി: യുഎഇയിലെ ബിസിനസുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ കമ്പനി ആരംഭിക്കുന്ന എയര്‍കേരള വിമാന സര്‍വീസ് യാഥാര്‍ഥ്യത്തിലേയ്ക്ക് ഒരു ചുവടുകൂടി വച്ചു. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയി ഹരീഷ് കുട്ടിയെ നിയമിച്ചതായി സെറ്റ്ഫ്‌ളൈ എവിയേഷന്‍ വക്താക്കള്‍ ദുബായില്‍ അറിയിച്ചു. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ മൂന്ന് വിമാനങ്ങള്‍ ഉപയോഗിച്ച് ഡൊമസ്റ്റിക് സര്‍വീസ് ആരംഭിക്കുകയാണ് ലക്ഷ്യം. തുടര്‍ന്നാണ് രാജ്യാന്തര സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുക.
ഈ മേഖലയില്‍ 35 വര്‍ഷത്തിലേറെ പരിചയ സമ്പത്തുള്ള ഹരീഷ് കുട്ടി എയര്‍ അറേബ്യ, സലാം എയര്‍, സ്പൈസ് ജെറ്റ്, വതനിയ എയര്‍ എന്നീ കമ്പനികളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. സലാം എയറില്‍ റവന്യൂ ആന്‍ഡ് നെറ്റ് വർക്ക് പ്ലാനിങ് ഡയറക്ടറായിരുന്ന ഇദ്ദേഹം കോവിഡ് വെല്ലുവിളികള്‍ക്കിടയിലും കമ്പനിയെ ഉയരങ്ങളിലെത്തിച്ചു.
എയര്‍ അറേബ്യ, വതാനിയ എയര്‍വേയ്സ് എന്നിവയുടെ സ്റ്റാര്‍ട്ടപ് ടീമുകളില്‍ പ്രധാനിയായിരുന്നു. അവരുടെ വളര്‍ച്ചയ്ക്കു ഗണ്യമായ സംഭാവന നല്‍കി. കൂടാതെ സ്‌പൈസ് ജെറ്റില്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫിസറായും വതാനിയ എയര്‍വേയ്സില്‍ കൊമേഴ്സ്യല്‍ ഡയറക്ടറായും റാക് എയര്‍വേയ്സില്‍ കൊമേഴ്സ്യല്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഹരീഷ് കുട്ടിയുടെ നിയമനം എയര്‍ കേരളയുടെ വളര്‍ച്ചയ്ക്കും ഇന്ത്യയിലെ മുന്‍നിര വിമാന കമ്പനിയാക്കി മാറ്റാനും വഴിയൊരുക്കുമെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു.