വാൽപ്പാറയിലെ സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളജിലെ 6 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകർ ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൊമേഴ്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർമാരായ എസ്. സതീഷ്കുമാർ (39), എം. മുരളിരാജ് (33),ലാബ് ടെക്‌നീഷ്യൻ അൻബരസു (37), നൈപുണ്യ കോഴ്‌സ് പരിശീലകൻ എൻ. രാജപാണ്ടി (35) എന്നിവരെയാണ് ജില്ലാ സാമൂഹ്യക്ഷേമ ഓഫിസർ ആർ. അംബികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വാട്‌സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ക്ലാസിലും ലാബിലും വച്ച് തങ്ങളെ ശല്യപ്പെടുത്തിയെന്നും മോശം രീതിയിൽ സ്പർശിച്ചുവെന്നും പെൺകുട്ടികൾ സംസ്ഥാന വനിതാ കമ്മിഷനിൽ നിവേദനം നൽകിയിരുന്നു.പിന്നാലെ ജില്ലാ സാമൂഹികക്ഷേമ ഓഫിസര്‍ ആര്‍. അംബിക കോളജില്‍ നേരിട്ടെത്തി അന്വേഷണം നടത്തി. പിന്നാലെ ജില്ലാ സാമൂഹ്യക്ഷേമ ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.