എൽഡിഎഫുമായുള്ള അൻവറിൻ്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അൻവറിൻ്റെ നിലപാട് അംഗീകരിക്കാനാവില്ല. അൻവറിൻ്റെ പാർട്ടിയുമായുള്ള ബന്ധം അവസാനിച്ചു. അൻവർ ഇനി എൽഡിഎഫിൽ ഇല്ലെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
'പാർട്ടി പരിശോധിക്കേണ്ട കാര്യം പാർട്ടി പരിശോധിച്ചു. സർക്കാർ സ്വീകരിക്കേണ്ട നടപടി സർക്കാർ സ്വീകരിച്ചു. മറ്റ് കാര്യങ്ങൾ പരിശോധിച്ചു വരുന്നു. പാർലമെൻ്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ ഇല്ലെന്നാണ് അൻവർ പറഞ്ഞത്. അവിടെയും ഇവിടെയും ഇല്ലെന്ന് പറഞ്ഞു. അവസാനം എവിടെയാണ് എത്തേണ്ടതെന്ന് ഞാൻ പറയേണ്ടതില്ല. അന്വറിൻ്റെ സമീപനം സംഘടനാപരമായോ രാഷ്ട്രീയ നിലപാട് അടിസ്ഥാനമാക്കിയോ അംഗീകരിക്കാൻ സാധിക്കില്ല. അതെല്ലാം ജനങ്ങളുടെ മുന്നിൽ തുറന്നുപറഞ്ഞു. ജനം തിരിച്ചറിയുന്നുണ്ട്. പരമാവധി അൻവരിനെ പോലെയുള്ളയാളെ ഏതെങ്കിലും പക്ഷത്തേക്ക് തള്ളിമാറ്റുന്നത് ഞങ്ങളുടെ നിലപാടല്ല. എൽഡിഎഫുമായുള്ള ബന്ധം അദ്ദേഹം തന്നെ വിച്ഛേദിച്ചു പോയിരിക്കുന്നു',എന്നും എം വി ഗോവിന്ദൻ പറഞ്ഞു.