വിവാഹ മോചനം തേടി എത്തുന്ന ദമ്പതികളെ കൗൺസിലിങ്ങിന് അയക്കുന്നത് സാധാരണ കോടതി നടപടിയാണ്. എന്നാൽ ആത്മീയവ്യക്തികളെ കാണാൻ അയക്കുന്നത് പതിവില്ല. ഇക്കാരണത്താലാണ് കർണാടക ഹൈക്കോടതിയുടെ ഇടപെടൽ ചർച്ചയാകുന്നത്. ദമ്പതികളോട് കോപ്പാലിലെ ശ്രീ ഗവിസിദ്ധേശ്വര മഠത്തിലെ അഭിനവ ഗവിസിദ്ധേശ്വര സ്വാമിജിയിൽ നിന്ന് അനുഗ്രഹവും മാർഗനിർദേശവും തേടാനാണ് കർണാടക ഹൈക്കോടതി നിർദേശിച്ചത്. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, വിജയകുമാർ എ പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ വിചിത്ര ഇടപെടൽ നടത്തിയിരിക്കുന്നത്.
“ഇരുകക്ഷികളും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്, നല്ല കുടുംബ പശ്ചാത്തലത്തിൽ വളർന്നവരാണ് ഇരുവരുമെന്ന് അവരോട് സംസാരിച്ചതിൽ നിന്നും ഞങ്ങൾക്ക് ബോധ്യമായി. ഏതൊരു വിവാഹ ബന്ധത്തിലും അസ്വാരസ്യങ്ങൾ ഉണ്ടാകുമെന്ന് അവരും സമ്മതിക്കുന്നുണ്ട്. ഒരു ആത്മീയ നേതാവിന്റെ അനുഗ്രഹങ്ങളും മാർഗനിർദേശങ്ങളും തേടണമെന്ന കോടതിയുടെ നിർദേശത്തോട് അവർ സമ്മതിച്ചു. കോപ്പാലിലെ ശ്രീ ഗവിസിദ്ദേശ്വര മഠത്തിലെ അഭിനവ ഗവിസിദ്ധേശ്വര സ്വാമിജിയെ അവർ ഒരുമിച്ച് തിരഞ്ഞെടുത്തു,” ബെഞ്ച് വ്യക്തമാക്കി.
“ദമ്പതികളെ അനുഗ്രഹിക്കണമെന്നും അവരുടെ വൈവാഹിക ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട ഉപദേശം കക്ഷികൾക്ക് നൽകണമെന്നും അഭിനവ ഗവിസിദ്ദേശ്വര സ്വാമിജിയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. സ്വാമിജിയുടെ സൗകര്യം കണക്കിലെടുത്ത് സെപ്റ്റംബർ 22 ന് അദ്ദേഹത്തെ കാണാൻ കക്ഷികളോട് നിർദേശിക്കുന്നു,” കോടതി വ്യക്തമാക്കി.
കോടതി ഉത്തരവിന്റെ പകർപ്പ് കോപ്പാലിലെ ശ്രീ ഗവിസിദ്ദേശ്വര മഠത്തിലെ അഭിനവ ഗവിസിദ്ദേശ്വര സ്വാമിജിക്ക് സ്പീഡ് പോസ്റ്റിലും ഇ-മെയിലിലും അയക്കാനും കോടതി രജിസ്ട്രാറോട് നിർദേശിച്ചു. വിവാഹമോചന ഹർജി തള്ളിയ വിചാരണ കോടതിയുടെ ഉത്തരവിനെതിരെയാണ് ദമ്പതികളിലൊരാൾ കർണാടക ഹൈക്കോടതിയെ സമീപിച്ചത്.