മലയാളം ന്യൂസ് ചാനല്‍ റേറ്റിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. തുടര്‍ച്ചായായി നാല് ആഴ്ചകളില്‍ 24 ന്യൂസിന് പിന്നില്‍ കിതച്ച ശേഷമാണ് മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനല്‍ മുന്നിലേക്ക് എത്തിയത്. മുപ്പത്തിയഞ്ചാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങില്‍ 109 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 24 ന്യൂസാണ് രണ്ടാംസ്ഥാനത്തുളളത്. 101 പോയിന്റാണ് 24 ന്യൂസിന് ലഭിച്ചിരിക്കുന്നത്. 93 പോയിന്റുമായി റിപ്പോര്‍ട്ടര്‍ തന്നെയാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. മനോരമ, മാതൃഭൂമി എന്നീ ചാനലുകളാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍. പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍. പട്ടികയില്‍ അവസാന സ്ഥാനത്ത് മീഡിയാ വണ്‍ ചാനലാണ്.
നാല് ആഴ്ചകളായി 24 ന്യൂസായിരുന്നു ഒന്നാം സ്ഥാനത്ത്. ഒരു ഘട്ടത്തില്‍ റിപ്പോര്‍ട്ടറിന് പിന്നില്‍ മൂന്നാം സ്ഥാനത്തേക്കും ഏഷ്യാനെറ്റ് വീണിരുന്നു. അവിടെ നിന്നാണ് ഏഷ്യാനെറ്റ് കുതിച്ച് കയറിയിരിക്കുന്നത്. ഇതിനായുളള കഠിനമായ പരിശ്രമത്തിലായിരുന്നു ചാനല്‍. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ചില വാര്‍ത്തകളിലൂടെ വിശ്വാസ്യത തെളിയിക്കാനും ഏഷ്യാനെറ്റ് ന്യൂസിനായി. പ്രത്യകിച്ചും സംവിധായകന്‍ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച നടി ശ്രീലേഖ മിത്രയുടെ വാര്‍ത്തയില്‍. ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ രഞ്ജിത്തിന്റെ പേര് പറയാതെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഏഷ്യാനെറ്റ് പേര് അടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
മലയാള സിനിമയിലെ സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങളും പ്രമുഖ നടന്‍മാര്‍ക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളടക്കം പുറത്തുവന്ന ആഴ്ചയായിട്ടും വാര്‍ത്താ ചാനലുകളുടെ റേറ്റിങില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഇതുതന്നെയാണ് അവസ്ഥ. 33, 34, 35 ആഴ്ചകളില്‍ 24 ന്യൂസിന്റെ റേറ്റിങ് 157.3, 132.7, 101 എന്നിങ്ങനെയാണ് കുറഞ്ഞിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ റേറ്റിങ് 147.6, 132.2, 109 എന്നിങ്ങനെ കുത്തനെ ഇടിഞ്ഞു.