പാർട്ടിഗ്രാമത്തിൽ ‘കാവി’വീട് വേണ്ടെന്ന് സിപിഎം; കാവി ധരിച്ച്, കാവി വാഹനത്തിലെത്തി പ്രതിഷേധം



കാസർകോട് : കാവി പെയ്ന്റടിച്ച വീട് പാർട്ടിഗ്രാമത്തിനു ചേർന്നതല്ലെന്ന് ഗൃഹപ്രവേശത്തിന്റെ തലേന്ന് സിപിഎം നേതാവിന്റെ മുന്നറിയിപ്പ്; ചടങ്ങിന്റെ സന്തോഷം ഇല്ലാതാക്കിയതിനെതിരെ ബ്രാഞ്ച് സമ്മേളന വേദിക്കു മുന്നിൽ കാവി ധരിച്ച്, കാവി വാഹനത്തിലെത്തി പാർട്ടി അനുഭാവിയുടെ പ്രതിഷേധം.

 ഞായറാഴ്ചയായിരുന്നു ഗൃഹപ്രവേശവും വിരുന്നും. കർഷകസംഘം നേതാവും ദീർഘകാലം സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന എം.വി.കോമൻ നമ്പ്യാരാണ് കാവി സംബന്ധിച്ച് കുടുംബവുമായി തർക്കിച്ചത്. ഗ്രാമത്തിൽ പതിവില്ലാത്ത രീതി അംഗീകരിക്കാനാവില്ലെന്ന് നേതാവ് വീട്ടുടമയോട് പറഞ്ഞത്രെ.

‘ഇത് നാടിന് യോജിച്ച നിറമല്ലല്ലോ?’ എന്ന് ആളുകൾ കൂടിനിൽക്കെ നേതാവ് ചോദിച്ചതോടെ ഗൃഹനാഥ കരച്ചിലിന്റെ വക്കിലെത്തി. ഭർത്താവ് ഗൾഫിലായതിനാൽ വീട്ടമ്മയാണ് വീടുപണി നോക്കി നടത്തിയത്. എൻജിനീയറുടെ താൽപര്യത്തിലാണ് ഈ നിറം അടിച്ചതെന്നു കുടുംബം വിശദീകരിച്ചെങ്കിലും തർക്കം നാട്ടിലാകെ ചർച്ചയായി.

വീടിനടിച്ചത് കാവി അല്ലെന്നും ഓറഞ്ച് ആണെന്നുമാണ് കുടുംബവുമായി ബന്ധപ്പെട്ടവർ പറയുന്നത്.ചടങ്ങിന്റെ പിറ്റേന്ന്, ഇന്നലെയായിരുന്നു സിപിഎം മാണിയാട്ട് വടക്ക് ബ്രാഞ്ച് സമ്മേളനം. മുംബൈയിൽ ജോലിയുള്ള പാർട്ടി അനുഭാവി, സുനിൽ വെള്ളായി ആണ് കാവിയുടുത്ത് കാവി നിറമുള്ള സ്കൂട്ടറിൽ ബ്രാഞ്ച് സമ്മേളന വേദിയിലെത്തിയത്.

വീടിന്റെ നിറത്തെച്ചൊല്ലി സ്വന്തം പാർട്ടിക്കാരെത്തന്നെ സംഘപരിവാറായി ചാപ്പ കുത്തുകയാണെന്നും ഞങ്ങളെല്ലാം പാർട്ടിക്കാരാണെന്നും യുവാവ് പറഞ്ഞു. നേതാവിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടി നിലപാടല്ലെന്നും ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ നാട്ടുകാരോട് വിശദീകരിച്ചു. ബ്രാഞ്ച് സമ്മേളനത്തിലും വിഷയം ചർച്ചയായി. വിമർശനത്തിനിടയായ പ്രതികരണം നടത്തിയ കോമൻ നമ്പ്യാർ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയാറായില്ല.
أحدث أقدم