ഉത്തർപ്രദേശിൽ രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലൻസിൽ പീഡിപ്പിച്ചതായി പരാതി. ആംബുലൻസ് ഡ്രൈവറും സഹായിയും ചേർന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. ഭർത്താവിന്റെ ഓക്‌സിജൻ സംവിധാനം പ്രതികൾ വിച്ഛേദിച്ചെന്നും ഇതോടെ ഭർത്താവ് മരിച്ചെന്നും യുവതി ആരോപിച്ചു
തന്റെ പണവും ആഭരണങ്ങളും ആംബുലൻസ് ജീവനക്കാർ കൊള്ളയടിച്ചെന്നും യുവതി പറയുന്നു. ആഗസ്റ്റ് 29ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭർത്താവ് അസുഖബാധിതനായി ലക്‌നൗവിലെ ആശുപത്രിയിൽ ആയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് നിന്ന് ഡിസ്ചാർജ് വാങ്ങി മറ്റൊരു ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചു
ഗാസിപൂരിൽ നിന്ന് ഇതിനായി സ്വകാര്യ ആംബുലൻസ് വിളിച്ചു. പരാതിക്കാരിയുടെ സഹോദരനും ആംബുലൻസിലുണ്ടായിരുന്നു. യുവതിയെ പോലീസ് പരിശോധന ഒഴിവാക്കാനെന്ന പേരിൽ മുൻസീറ്റിലാണ് ഇരുത്തിയത്. പിന്നാലെ ഡ്രൈവറും സഹായിയും ചേർന്ന് യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ആരംഭിച്ചു
അതിക്രമം കണ്ട സഹോദരനും ഭർത്താവും ബഹളം വെച്ചചോടെ ഡ്രൈവർ വാഹനം നിർത്തി ഭർത്താവിന്റെ മുഖത്ത് നിന്നും ഓക്‌സിജൻ മാസ്‌ക് നീക്കി. ഇവരുടെ സഹോദരനെ മുൻവശത്തെ കാബിനിൽ പൂട്ടിയിടുകയും സ്ത്രീയുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണവും കൊള്ളയടിച്ച് ഇവരെ വഴിയിൽ തള്ളി ആംബുലൻസുമായി രക്ഷപ്പെട്ടു
പോലീസിനെ വിളിച്ച് സഹായം തേടി മറ്റൊരു ആംബുലൻസിൽ ഭർത്താവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.