പ്രവാസികള്‍ക്ക് പുതിയ പണിയുമായി കുവൈത്ത് സർക്കാർ: പെട്രോളിന് അധിക തുക നല്‍കേണ്ടി വരും





കുവൈറ്റ് ' സിറ്റി : പ്രവാസികളുടെ കാര്യത്തില്‍ കടുത്ത നിലപാടുകളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കുവൈത്ത് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കാനും രാജ്യത്തെ വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുവരാനുമായി പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഭരണകൂടം ഏർപ്പെടുത്തി നടപ്പിലാക്കി വരികയാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു നിയന്ത്രണം കൂടി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കുവൈത്ത് സർക്കാർ.
രാജ്യത്തെ പ്രവാസികള്‍ക്ക് മാത്രമായി പെട്രോള്‍ വിലയില്‍ വർധനവ് വരുത്താന്‍ കുവൈത്ത് ആലോചിക്കുന്നുവെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു കുവൈത്ത് പത്രം റിപ്പോർട്ട് ചെയ്യുന്നത്. 'പുതിയ വില വർദ്ധനവ് പൗരന്മാർക്ക് ബാധകമായിരിക്കില്ല. പ്രവാസികള്‍ മാത്രമായിരിക്കും വില വർധനവ് സഹിക്കേണ്ടി വരിക' സ്രോതസുകള്‍ പറയുന്നു.

പെട്രോൾ വിലയിലെ വർധനവുമായി ബന്ധപ്പെട്ട് കുവൈറ്റികൾക്ക് ക്യാഷ് സബ്‌സിഡിയും സർക്കാർ അനുവദിക്കും. കുവൈത്തില്‍ പൗരന്മാരേക്കാൾ എണ്ണത്തിൽ രണ്ടിരട്ടി കൂടുതലാണ് പ്രവാസികൾള്‍. ഇവർക്കൊപ്പം തന്നെ രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്കും കുറഞ്ഞ വിലയില്‍ പെട്രോള്‍ ലഭിക്കുന്നത് യുക്തിരഹിതമായ കാര്യമാണ്. അതുകൊണ്ടാണ് പുതിയ നിയന്ത്രങ്ങള്‍ ഏർപ്പെടുത്തുന്നതും സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.
വില വർദ്ധനയും അവയുടെ നിരക്കുകളും പഠിച്ചു വരികയാണെന്നും ഇതിന് ഉടൻ തന്നെ അംഗീകാരം ലഭിക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണത്തിന് സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

സമീപ വർഷങ്ങളിൽ, കുവൈറ്റ് തങ്ങളുടെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. വിദേശ ജീവനക്കാരുടെ അവസരങ്ങള്‍ കുറച്ച് സ്വന്തം പൗരന്മാർക്ക് തൊഴില്‍ ഉറപ്പ് വരുത്താനും രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങൾ കുവൈത്ത് ശക്തമാക്കി വരികയാണ്.

4.9 ദശലക്ഷം ജനസംഖ്യയിൽ 3.3 ദശലക്ഷവും വിദേശികളാണ് എന്നതാണ് കുവൈത്തിന്റെ പ്രത്യേകത. ജനുവരിയെ അപേക്ഷിച്ച് ജൂൺ അവസാനത്തോടെ കുവൈറ്റിലെ പ്രവാസികളുടെ എണ്ണത്തിൽ 8845 പേരുടെ കുറവുണ്ടായതായി സമീപകാല ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അതായത് സർക്കാറിന്റെ നിയന്ത്രണങ്ങള്‍ ചെറിയ തോതിലെങ്കിലും ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.
അനധികൃത താമസക്കാർക്കെതിരേയും കുവൈറ്റ് നടപടികൾ കർശനമാക്കിയിട്ടുണ്ട്. അനധികൃത താമസക്കാരെ സഹായിക്കുന്ന ഏതൊരു പ്രവാസിയെയും നാടുകടത്തുമെന്നും സർക്കാർ വൃത്തങ്ങള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ 1,400 ലധികം വിദേശികളെ കൂടി പിടികൂടിയതായി അറിയിച്ചു.

കുവൈറ്റിലുടനീളം ഇത്തരം പരിശോധനകള്‍ തുടരുമെന്നാണ് സർക്കാർ അറിയിക്കുന്നത്. ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങളെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്താന്‍ പൊതുജനങ്ങളോടും നിയമപാലകർ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് കാലാവധി ജൂൺ 30ന് അവസാനിച്ചതിനെ തുടർന്നാണ് നടപടി കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.


أحدث أقدم