മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് പീഡിപ്പിച്ചു; പൊലീസുകാർക്കെതിരേ ​ഗുരുതര ആരോപണവുമായി വീട്ടമ്മ


തിരുവനന്തപുരം: പി.വി. അൻവറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് സസ്പെൻഷനിലായ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരേ പീഡന പരാതിയുമായി വീട്ടമ്മ. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയപ്പോൾ തന്നെ മലപ്പുറം എസ്പി സുജിത് ദാസ് പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി.


2022ലാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. ആദ്യം പരാതി നൽകിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും എന്നാൽ, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവർ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറയുന്നു.

അതേസമയം, സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോൾ അന്വേഷിച്ചിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കാൻ ഡിജിപിക്കും പരാതി നല്‍കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിതെന്ന് സുജിത് ദാസും പ്രതികരിച്ചു.


أحدث أقدم