ആകാശത്ത് നടക്കാന്‍ പോകുന്ന സ്‌ഫോടനം കാത്ത് ശാസ്ത്രജ്ഞര്‍ !!



ഭൂമിയില്‍നിന്ന് 3,000 പ്രകാശവര്‍ഷം അകലെയുള്ള ടി കൊറോണെ ബോറിയാലിസ് (ടി സി.ആര്‍.ബി) എന്നറിയപ്പെടുന്ന നക്ഷത്ര സംവിധാനത്തിലാണു സ്‌ഫോടനം പ്രതീക്ഷിക്കുന്നത്. തിളക്കം കുറവായതിനാല്‍ ഇൗ നക്ഷത്രങ്ങളെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകില്ല.

സ്‌ഫോടനത്തെ തുടര്‍ന്നുള്ള പ്രകാശം ഭൂമിയില്‍നിന്നു കാണാനാകുമെന്നാണു പ്രതീക്ഷ. 100 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സ്‌ഫോടനം ഭൂമിയുടെ ഉത്തരാര്‍ഥ ഗോളത്തിലുള്ളവര്‍ക്കു മാത്രമാകും കാണാനാകുക. സ്‌ഫോടനത്തെ തുടര്‍ന്ന് വളരെ തിളക്കമുള്ള ജ്വാല ഉണ്ടാകുമെന്നു നാസയുടെ ഗോഡ്ഡാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ അസിസ്റ്റന്റ് റിസര്‍ച്ച് സയന്റിസ്റ്റ് റിബേക്ക ഹൗണ്‍സെല്‍ പറഞ്ഞു.

സ്‌ഫോടനം നടക്കുന്ന കൃത്യമായ തീയതിയും സമയവും ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഉറപ്പില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് രാത്രി ആകാശത്തെ പ്രകാശിപ്പിക്കുമെന്ന് അവര്‍ കരുതുന്നു. ഉത്തരാര്‍ഥ ഗോളത്തിലുള്ളവര്‍ക്ക് രാത്രിയില്‍ വടക്കുകിഴക്ക് ദിശയില്‍ സ്‌ഫോടനത്തെ തുടര്‍ന്നുള്ള പ്രകാശം കാണാനാകും. ടി സി.ആര്‍.ബി. നക്ഷത്ര സംവിധാനത്തില്‍ ഒരു വെളുത്ത കുള്ളന്‍, ചുവന്ന ഭീമന്‍ നക്ഷത്രം എന്നിവ ഉള്‍പ്പെടുന്നു. ഇൗ രണ്ട് നക്ഷത്രങ്ങളും പരസ്പരം ഗുരുത്വാകര്‍ഷണ വലയത്തില്‍ പൂട്ടിയിരിക്കുന്നു.

ചുവന്ന ഭീമന്‍ നക്ഷത്രത്തിനു അയല്‍ക്കാരന്റെ ഗുരുത്വാകര്‍ഷണം മൂലം ഇന്ധനം(ഹൈഡ്രജന്‍) നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചുവന്ന ഭീമനില്‍നിന്നുള്ള ഹൈഡ്രജന്‍ വെളുത്ത കുള്ളനില്‍ അടിഞ്ഞുകൂടുമ്പോള്‍, ഇത് സമ്മര്‍ദവും ചൂടും വര്‍ധിപ്പിക്കുന്നു. ചുവന്ന ഭീമന്‍ നക്ഷത്രത്തിലെ താപനിലയും മര്‍ദവും ഏകദേശം 4,000 മുതല്‍ 5,800 ഡിഗ്രി ഫാരന്‍ഹീറ്റില്‍നിന്ന് 360,000 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് വര്‍ധിക്കും.

ചുവന്ന ഭീമനില്‍നിന്നുള്ള ദ്രവ്യം അതിന്റെ പരമാവധി താപനിലയിലെത്തുമ്പോള്‍, അത് ഒരു ന്യൂക്ലിയര്‍ പ്രതിപ്രവര്‍ത്തനം ആരംഭിക്കുന്നു. അത് സൂര്യന്റെ വാര്‍ഷിക ഉൗര്‍ജ ഉത്പാ-ദ-നത്തിന്റെ 10,000 മുതല്‍ 100,000 മടങ്ങ് വരെ പുറത്തുവിടുന്ന സ്‌ഫോടനം സൃഷ്ടിക്കും. ഇൗ തെര്‍മോ ന്യൂക്ലിയര്‍ സ്‌ഫോടനത്തെ ഒരു നോവയെന്നാണു വിളിക്കുന്നത്. 1946 ലാണ് ഇൗ നക്ഷത്ര സംവിധാനം ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു തുടങ്ങിയത്.

മിക്ക നോവ സ്‌ഫോടനങ്ങളും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കും, പക്ഷേ ടി സി.ആര്‍.ബി. ഒരു ആഴ്ചയ്ക്കുള്ളില്‍ ജ്വലന പ്രക്രിയ പൂര്‍ത്തിയാക്കും. ടി സി.ആര്‍.ബി. ജ്വലിക്കുമ്പോള്‍, അതിന്റെ തിളക്കം ഉച്ചസ്ഥായിയിലെത്തും. ഇത് വീണ്ടും മങ്ങുന്നതിനുമുമ്പ് ഒരാഴ്ചയില്‍ താഴെ ദിവസങ്ങള്‍ മാത്രമേ കണ്ണിന് ദൃശ്യമാകൂ, ഒരുപക്ഷേ അടുത്ത 80 വര്‍ഷത്തേക്ക്..

أحدث أقدم