ബീഫ് കഴിച്ചെന്നാരോപണം; യുവാവിനെ ഗോരക്ഷാ സേന തല്ലിക്കൊന്നു




ഛണ്ഡീഗഡ്: ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് അതിഥി തൊഴിലാളിയെ ഗോരക്ഷാ പ്രവർത്തകർ തല്ലിക്കൊന്നു. ചർഖി ദാദ്രിയിൽ ചൊച്ചാഴ്ചയാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി സാബിർ മാലിഖ് (26), അസം സ്വദേശിയായ സുഹൃത്ത് എന്നിവരാണ് ആണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. സാബിറിന്റെ സുഹൃത്ത് ചികിത്സയിലാണ്.

ഓ​ഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രിക്കച്ചവടക്കാരനായിരുന്ന സാബിർ മാലിഖിനെയും സുഹൃത്തിനെയും സാധനങ്ങൾ വിൽക്കാനുണ്ടെന്ന വ്യാജേന പ്രദേശത്തെ ബസ് സ്റ്റാൻഡിൽ എത്തിച്ച ശേഷമായിരുന്നു മർദ്ദനം. പ്രദേശവാസികൾ ഇടപെട്ടതോടെ ഇവർ സാബിറിനെയും സുഹൃത്തിനെയും മറ്റൊരു പ്രദേശത്ത് എത്തിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ബന്ദ്വ ജില്ലയിലെ കനാലിന് സമീപത്തുനിന്നായിരുന്നു സാബിറിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തായ അസീറുദ്ദീനെ മറ്റൊരിടത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു.
ഇരുവരെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിലർ പകർത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സാബിറിന്റെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് വയസുള്ള കുട്ടിയടങ്ങുന്നതാണ് സാബിറിന്റെ കുടുംബം. അ‍ഞ്ച് വർഷക്കാലമായി തങ്ങൾ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും ഇത്തരം സംഭവം ആദ്യമാണെന്നും ബന്ധു പൊലീസിനോട് പറഞ്ഞു.
അതേസമയം ഇത്തരം സംഭവങ്ങൾക്ക് ആൾക്കൂട്ട കൊലപാതകമെന്ന പദം ഉപയോ​ഗിക്കുന്നത് ശരിയല്ലെന്നും ​ഗോ സംരക്ഷണത്തിന് നിയമമുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി നായബ് സിങ് സൈനിയുടെ പ്രതികരണം.
ആൾക്കൂട്ട കൊലപാതകം പോലുള്ള പദങ്ങൾ ഉപയോ​ഗിക്കുന്നത് ശരിയല്ല, കാരണം ​ഗോ സംരക്ഷണത്തിന് ശക്തമായ നിയമമുണ്ട്. നിയമത്തിൽ വിട്ടുവീഴ്ചയില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്, നടന്ന സംഭവം നിർഭാ​ഗ്യകരമാണ്, അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്.
അതേസമയം കൊല്ലപ്പെട്ട യുവാവിന് നീതിയുറപ്പാക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയും രം​ഗത്തെത്തിയിട്ടുണ്ട്.



أحدث أقدم