ഇടുക്കിയില്‍ വിവാഹദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വധുവിന്റെ ബന്ധുക്കളുടെ ക്രൂരമര്‍ദനം;പരാതി



ഇടുക്കി മാങ്കുളത്ത് വിവാഹ ദൃശ്യങ്ങള്‍ പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ക്രൂരമർദനം. വധുവിന്റെ ബന്ധുക്കളാണ് മർദിച്ചത്.
താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് മർദനമെന്നാണ് ഫോട്ടോഗ്രാഫർമാർ പറയുന്നത്. മൂവാറ്റുപുഴ സ്വദേശി ജെറിൻ, വഴിത്തല സ്വദേശി നിതിൻ എന്നിവർക്കാണ് മർദമനമേറ്റത്. പരാതിയില്‍ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും മൂന്നാർ പോലീസ് കേസെടുത്തിട്ടുണ്ട്.
വിവാഹത്തോടനുബന്ധിച്ച്‌ വധുവിന്റെ ദൃശ്യങ്ങള്‍ പകർത്താനായാണ് ഫോട്ടോഗ്രാഫർമാർ എത്തിയത്. മാങ്കുളത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് ഇവരെത്തിയത്. എന്നാല്‍ ഇവർക്ക് താമസമൊരുക്കിയ മുറിയില്‍ വധുവിന്റെ ബന്ധുക്കള്‍ ഇരുന്ന് മദ്യപിച്ചിരുന്നു. മുറി അലങ്കോലമായി കിടന്നതിനാല്‍ ഫോട്ടോഗ്രാഫർമാർ അസൗകര്യം അറിയിച്ചു. പിന്നാലെ ചടങ്ങുകള്‍ പകർത്തിയതിന് ശേഷം ഇക്കാര്യം വധുവിനെ അറിയിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഫോട്ടോഗ്രാഫർമാർ പറയുന്നു. തുടർന്ന് ഫോട്ടോഗ്രാഫർമാർ ജോലി കഴിഞ്ഞ് മടങ്ങവേ കാർ തടഞ്ഞ് രണ്ടിടത്തുവെച്ച്‌ അസഭ്യം പറയുകയും മർദിക്കുകയായിരുന്നു. നിതിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും മൂന്നാർ പോലീസ് കേസെടുത്തിട്ടുണ്ട്.
أحدث أقدم