സ്വര്‍ണക്കടത്തും കൊലപാതകവും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന സി.പി.എം എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിലെ രണ്ടു പേരുടെ പേരാണ് പുറത്ത് വന്നത്.
ആരോപണ വിധേയരെ അടിയന്തിരമായി സസ്‌പെന്‍ഡ് ചെയ്യണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം കൊച്ചിയിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കുന്നതിന് വേണ്ടി ഒരാളുടെ കൊലപാതകം നടത്തി. അത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോടെയാണ് അയാളെ എ.ഡി.ജി.പി കൊലപ്പെടുത്തിയത്. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായും സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായും വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ഭരണകക്ഷി എം.എല്‍.എ ഉയര്‍ത്തിയിരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് നടത്തിയതിന്റെ പേരില്‍ ജയിലിലായ ആളാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാണ് സി.പി.എം എം.എല്‍.എ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.