എരുമേലി: എരുമേലിയിൽ പോലീസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പിടികൂടി. ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ നൗഷാദ് പി.എം (42) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിൽപ്പനയ്ക്കായി വാഹനത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ (23.09.2024) എരുമേലി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഇയാളെ പിടികൂടുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബോലെറോ വാഹനത്തില്‍ നിന്നും 8 പ്ലാസ്റ്റിക് ചാക്കുകളിൽ നിന്നുമായി നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പായ്ക്കറ്റുകളും, കൂടാതെ കൂൾ ലിപ്പ് നിറച്ച മറ്റൊരു ചാക്കും പരിശോധനയിൽ പോലീസ് കണ്ടെടുക്കുകയും ചെയ്തു. എരുമേലിസ്റ്റേഷൻ എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐ രാജേഷ്, സി.പി.ഓ മാരായ ജിഷാദ്, ജ്യോതിഷ്, ശ്രീജിത്ത് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഈ കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.
:'