ആശുപത്രിയുടെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി ; പോസ്റ്റുമോര്‍ട്ടത്തിന് തയ്യാറെടുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതന്‍ !!




ബിഹാറിലെ നളന്ദ ജില്ലയിലെ സദര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. രാകേഷ് കേവത് എന്ന വ്യക്തിയെയാണ് ഡോക്ടര്‍ മരണം സ്ഥിരീകരിച്ചത് കാരണം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയത്.

അപ്രതീക്ഷിതമായി രാകേഷ് കണ്ണുതുറന്ന് എഴുന്നേറ്റിരുന്നതോടെ ചുറ്റും ഉണ്ടായിരുന്നവര്‍ ആദ്യം ഭയപ്പെട്ടെങ്കിലും സംഭവം രാകേഷ് വിശദീകരിച്ചതോടെ എല്ലാവര്‍ക്കും ആശ്വാസമായി. ആശുപത്രിയിലെ ബന്ധുവിനെ കാണാനെത്തിയ ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ആശുപത്രിയിലെ ശുചിമുറിയില്‍ കയറിയും രാകേഷ് മദ്യപിച്ചിരുന്നു.

പിന്നാലെ അമിതമായി മദ്യപിച്ച രാകേഷിന് ബോധം നഷ്ടപ്പെട്ടു. നിലത്തുവീണ് കിടന്ന ഇയാളെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കണ്ടെത്തിയത്. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മുട്ടിയപ്പോള്‍ പ്രതികരണമുണ്ടായില്ല. പിന്നാലെ വാതില്‍ തള്ളി തുറന്നതോടെയാണ് നിശ്ചലനായി കിടന്ന രാകേഷിനെ കണ്ടെത്തിയത്.

ഇയാള്‍ക്ക് അനക്കം ഇല്ലാതിരുന്നതിനാല്‍ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടര്‍ ജിതേന്ദ്ര കുമാര്‍ സിംഗ് ഹൃദയമിടിപ്പ് പോലും പരിശോധിക്കാതെ രാകേഷ് മരിച്ചെന്ന് സ്ഥിരീകരിച്ചു. പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഫോറന്‍സിക് സംഘത്തിനൊപ്പം വിശദമായ പരിശോധനയ്ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഇതിനിടെ രാകേഷ് കണ്ണുതുറന്നതോടെ ചുറ്റും നിന്നവര്‍ ഞെട്ടുകയായിരുന്നു. തുടര്‍ന്ന് രാകേഷ് നടന്ന കാര്യങ്ങള്‍ പൊലീസിനോട് വിശദീകരിച്ചു. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം പൊലീസ് സ്റ്റേഷനിലേക്ക് മൊഴിയെടുക്കാനായി കൊണ്ടുപോയി. എന്നാല്‍ മദ്യപിച്ച് ബോധരഹിതനായ രാകേഷ് മരിച്ചെന്ന് വിധിയെഴുതിയ ഡോ ജിതേന്ദ്ര കുമാര്‍ സിംഗിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
أحدث أقدم