സുരേഷ് ഗോപിയുടേത് പൂരം കലക്കി നേടിയ വിജയം: കുഞ്ഞാലിക്കുട്ടി





കോഴിക്കോട്: തൃശൂരില്‍ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയം പൂരം കലക്കി നേടിയതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എഡിജിപി തന്നെ സ്വകാര്യമായി ആർഎസ്എസ് നേതാക്കളെ കണ്ടത് ഗൗരവകരമാണ്. പൂരം കേരളത്തിന്‍റെ അഭിമാനമാണ്. പൂരം കലക്കുക എന്നാല്‍ വിശ്വാസികളെ അപമാനിക്കലാണ്. വോട്ട് കിട്ടാന്‍ പൂരം കലക്കാനും മടിക്കില്ല എന്നതാണ് തൃശൂരില്‍ കണ്ടത്.

ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണം. ഇത് പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയമാണെന്നും ‌വിവാദങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതേതര സമൂഹത്തിനു ഞെട്ടലുണ്ടാക്കിയ സംഭവമാണ് തൃശൂരിലുണ്ടായത്. ന്യൂനപക്ഷ സംരക്ഷകരായി സിപിഎമ്മും ഭൂരിപക്ഷത്തിന്‍റെ സ്വന്തം ആളുകളെന്ന നിലയില്‍ ബിജെപിയും രംഗത്തെത്തുകയാണ് ഇവിടെ. പൂരം അലങ്കോലമായത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കുഞ്ഞാലിക്കുട്ടി.

എഡിജിപി നേരിട്ട് ആര്‍എസ്എസ് നേതാക്കളെ കണ്ടിരുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. എന്നാല്‍, അവരുടെ വാഹനത്തില്‍ രഹസ്യമായിട്ടായിരുന്നു കൂടിക്കാഴ്ച. ജനങ്ങള്‍ക്ക് ഇതിന് പിന്നിലുള്ള നിജസ്ഥിതി അറിയാന്‍ താത്പര്യമുണ്ട്.

സിപിഎമ്മും ബിജെപിയും ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും വഞ്ചിച്ചു.വിശ്വാസികളായ ഹിന്ദുക്കളെ ആണ് തെരഞ്ഞെടുപ്പു വിജയിക്കാനായി വഞ്ചിച്ചത്. സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്. സിപിഎം ഒരേ സമയം ന്യുനപക്ഷ സംരക്ഷകരും മതേതര സംരക്ഷകരും ചമയുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.



أحدث أقدم