മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് അൻവർ



മലപ്പുറം: ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് പി.വി. അൻവർ എം.എൽ.എ. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ പി.വി. അൻവറിനെ തള്ളിപ്പറയുകയും, അൻവർ ഉന്നയിച്ച ഗുരുതരമായ അരോപണങ്ങളിൽ ഒരു പരിശോധനയും ആവശ്യമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് അൻവർ അറിയിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട്‌ കൃത്യം 5 മണിക്ക്‌ നിലമ്പൂർ പി.ഡബ്ല്യു.ഡി റസ്റ്റ്‌ ഹൗസിൽ മാധ്യമങ്ങളെ കാണുന്നുണ്ട്‌. പറയാനുള്ളതെല്ലാം അവിടെ പറയുന്നുണ്ട്‌ -എന്നാണ് അൻവർ അറിയിച്ചിരിക്കുന്നത്.അൻവറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച മുഖ്യമന്ത്രി, അൻവറിന്‍റേത് കോൺഗ്രസ് പശ്ചാത്തലമാണെന്നാണ് പറഞ്ഞത്.അന്‍വറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. അന്‍വര്‍ ആദ്യം പത്രസമ്മേളനം വിളിച്ചപ്പോള്‍ തന്നെ ഞാന്‍ ഓഫീസ് വഴി നേരിട്ട് അന്‍വറിനെ വിളിച്ചതാണ്. കൂടുതല്‍ പറയാതെ എന്‍റെ അടുത്ത് വരാനാണ് ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസവും അന്‍വര്‍ പത്രസമ്മേളനം നടത്തി. പിന്നീടാണ് എന്നെ കാണാന്‍ വന്നത്. അപ്പോഴേക്കും അദ്ദേഹവുമായി സംസാരിച്ച കാര്യങ്ങളെല്ലാം റിക്കാര്‍ഡ് ചെയ്ത് പരസ്യമായി കാണിക്കുന്നു. സംസാരിക്കുന്ന കാര്യം റിക്കോർഡ് ചെയ്യുന്ന പൊതുപ്രവർത്തകൻ ആണ് അൻവർ. ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടതാണോ അത്. ആകെ അഞ്ച് മിനിറ്റാണ് ഞങ്ങള്‍ തമ്മില്‍ കണ്ടത്. അൻവർ ഇങ്ങനെ തുടർച്ചയായി പറഞ്ഞാൽ ഞാനും തുടർച്ചയായി പറയും. അൻവറിന്‍റെ പാശ്ചാത്തലം ഇടതുപക്ഷ പാശ്ചാത്തലം അല്ല, കോൺഗ്രസ്‌ പാശ്ചാത്തലം ആണ് -മുഖ്യമന്ത്രി പറഞ്ഞു.
أحدث أقدم