നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തില്‍ മേയറുടെ വ്യാജ രക്തദാനം..


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തില്‍ വ്യാജ രക്തദാനം നടത്തിയ ബിജെപി നേതാവിന് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോൾ.ഉത്തര്‍പ്രദേശ് മൊറാദാബാദ് മേയറും മുതിര്‍ന്ന ബിജെപി നേതാവുമായ വിനോദ് അഗര്‍വാളിനാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. വിനോദ് അഗര്‍വാളിന്റെ വ്യാജ രക്തദാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.സെപ്റ്റംബര്‍ പതിനേഴിന് പ്രാദേശിക ബിജെപി ഓഫീസിലാണ് സംഭവം. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിനോദ് അഗര്‍വാള്‍. നേതാവ് ബെഡില്‍ കിടന്നതോടെ ആരോഗ്യപ്രവര്‍ത്തകന്‍ രക്തസമ്മര്‍ദം പരിശോധിച്ചു. എന്നാല്‍ രക്തമെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കരുതെന്ന് അഗര്‍വാള്‍ ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്ന് സൂചി തൊലിപ്പുറത്ത് ഘടിപ്പിച്ചു. വീഡിയോ പകര്‍ത്തിയ ശേഷം സൂചി എടുത്തുമാറ്റിയതോടെ അഗര്‍വാള്‍ മുറിവിടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. അഗര്‍വാളിന്റെ രക്തദാനം ക്യാമറയ്ക്ക് വേണ്ടി മാത്രമാണെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു.

എന്നാൽ സംഭവത്തിൽ വിശദികരണവുമായി വിനോദ് അഗര്‍വാൾ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയെക്കുറിച്ച് ചോദിച്ചപ്പോള്‍, രക്തം ദാനം ചെയ്യാനാണ് താന്‍ ക്യാമ്പിലെത്തിയതെന്നും എന്നാല്‍ തനിക്ക് പ്രമേഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ദാനം ചെയ്യാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറയുകയായിരുന്നുവെന്നും അഗര്‍വാള്‍ പറഞ്ഞു.
أحدث أقدم