വർക്കല താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമം...യുവാവ് പിടിയിൽ






വർക്കല : താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ.ചെമ്മരുതി ചാവടിമുക്ക് സമീറമൻസിലിൽ മുനീർ (25) ആണ് അറസ്റ്റിലായത്. രോഗിയായ മാതാവിനെ ചികിത്സിച്ചുവന്ന വനിതാ ഡോക്ടറെ ലഹരിയിലായിരുന്ന മുനീർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ഇയാളെ ആശുപത്രി ജീവനക്കാരുടെ സംരക്ഷണനിയമപ്രകാരമാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും മാതാവിന്‍റെ രോഗം ഭേദമാകാത്തതിന്റെ കാരണം അന്വേഷിക്കാനെത്തിയ മുനീർ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറോട് മോശമായി സംസാരിക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു.മാതാവിന് വിദഗ്ധ പരിശോധനകൾ വേണമെന്ന് ഡോക്ടർ പറഞ്ഞതും ഇയാളെ പ്രകോപിതനാക്കി. സംഭവത്തെത്തുടർന്ന് ഭയന്നുപോയ ഡോക്ടർ സെക്യൂരിറ്റിയെ സഹായത്തിന് വിളിക്കുകയും ഉടൻ പൊലീസിൽ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി ബലം പ്രയോഗത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. കൊലപാതകശ്രമം ഉൾപ്പെടെ അയിരൂർ സ്റ്റേഷനിൽ നിരവധി കേസിലെ പ്രതിയാണ് മുനീറെന്ന് പൊലീസ് പറഞ്ഞു.
أحدث أقدم