സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്


മുൻകരുതലിന്‍റെ ഭാഗമായി ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ ഏഴ് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളാ തീരത്ത് കടല്‍ ക്ഷോഭത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഛത്തിസ്ഗഡിന് മുകളില്‍ ചക്രവാതചുഴിയായി ശക്തി കുറഞ്ഞത്. ഇതാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നത്.
أحدث أقدم