മുണ്ടക്കയം: കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പടിഞ്ഞാറേക്കര വീട്ടിൽ കൊച്ചുണ്ണി എന്ന് വിളിക്കുന്ന ജിതിൻ (24) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ മാസം മുണ്ടക്കയത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ 50 ഗ്രാം കഞ്ചാവുമായി യുവാക്കളെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മുണ്ടക്കയം പോലീസും ചേർന്ന് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് ഒഡീഷയിൽ നിന്നുമാണ് വിൽപ്പനയ്ക്കായി എറണാകുളത്ത് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നതെന്ന് കണ്ടെത്തുകയും അതിൽ ഉൾപ്പെട്ട ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഇതിലെ പ്രധാനിയായ ജിതിനെ പിടികൂടുന്നത്. ജിതിന്റെ നേതൃത്വത്തിലാണ് ഒഡീഷയിൽ നിന്നും കഞ്ചാവ് ബാംഗ്ലൂർ വഴി എറണാകുളത്ത് എത്തിച്ചിരുന്നത്. ഇയാൾക്ക് മുണ്ടക്കയം,വാഗമൺ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ രാകേഷ് കുമാർ, എസ്.ഐ വിപിൻ കെ.വി, എ.എസ്ഐ ഷീബ കെ.വി, സി.പി.ഓ നൂറുദ്ദീൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പിടിയിൽ.
Jowan Madhumala
0