പക്ഷിപ്പനി ബാധിത മേഖലകളായ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ 31 വരെയാണ് നിയന്ത്രണം. സെപ്റ്റംബര്‍ രണ്ടിനാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറങ്ങിയത്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ തുടര്‍ച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ആലപ്പുഴ ജില്ല മുഴുവനായി നിയന്ത്രണമുണ്ട്. നിയന്ത്രണ മേഖലയിലേക്ക് പക്ഷികളെയും (കോഴി, താറാവ്, കാട) കുഞ്ഞുങ്ങളെയും കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടുള്ളതല്ല. ഇപ്പോള്‍ ഈ പ്രദേശങ്ങളിലെ ഹാച്ചറികളിലുള്ള മുട്ടകള്‍ ശാസ്ത്രീയമായി നശിപ്പിക്കണം. അതിനു മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ചുരൂപ നഷ്ടപരിഹാരം നല്‍കും. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹാച്ചറികളില്‍ മുട്ട വിരിയിക്കാനും അനുവാദമില്ല.
വിജ്ഞാപന തീയതിക്കുശേഷം മുട്ട വിരിയിക്കാന്‍ വെച്ചിട്ടുണ്ടെങ്കില്‍ അവ നശിപ്പിക്കണം. അതിനു നഷ്ടപരിഹാരമുണ്ടാകില്ല. ഇപ്പോള്‍ പക്ഷികളില്ലാത്ത ഹാച്ചറികള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടുകയും വേണം. ഏപ്രില്‍ പകുതിക്ക് ശേഷം 38 കേന്ദ്രങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശത്തെ കാക്കകളിലും ദേശാടനപ്പക്ഷികളിലും വരെ രോഗം കണ്ടെത്തിതിനെ തുടര്‍ന്ന് കേന്ദ്രസംഘമെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരും വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു.
രോഗം ആവര്‍ത്തിക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശവും സംസ്ഥാന സമിതിയുടെ കണ്ടെത്തലും കണക്കിലെടുത്താണ് പുതിയ നിയന്ത്രണം. പക്ഷിപ്പനി പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിതമേഖലയെന്നും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയെന്നുമാണ് കണക്കാക്കുന്നത്.
കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകള്‍, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, പള്ളിക്കല്‍, തുമ്പമണ്‍ പഞ്ചായത്തുകള്‍, പന്തളം നഗരസഭ, അടൂര്‍ താലൂക്ക്, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകള്‍, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, ഉദയംപേരൂര്‍, എടയ്ക്കാട്ടുവയല്‍, ചെല്ലാനം പഞ്ചായത്തുകള്‍ എന്നിവ നിരീക്ഷണ മേഖലകളാണ്.
2025 മാര്‍ച്ചുവരെ പക്ഷിപ്പനിബാധിത മേഖലകളില്‍ പക്ഷി വളര്‍ത്തല്‍ നിരോധിക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. മാത്രമല്ല വിജ്ഞാപനം നിലവില്‍ വന്ന തിയതി മുതല്‍ പുതുതായി കോഴി, താറാവ് എന്നിവയെ വളര്‍ത്തിയാല്‍ നടപടി ഉണ്ടാകും.