വസ്ത്രത്തിൽ ചെളി തെറിപ്പിച്ച ബസിനെ പിന്തുടർന്ന് പിടികൂടി. തൃശ്ശൂർ കരുവന്നൂരിലെ രാജ കമ്പനി സ്റ്റോപ്പിലാണ് സംഭവം. എം.എസ് മേനോൻ എന്ന സ്വകാര്യ ബസാണ് വെള്ളാങ്കല്ലൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാറിന് നേരെ ചെളി തെറിപ്പിച്ചത്. പിന്നാലെ പോയ ജബ്ബാർ രാജ കമ്പനി സ്റ്റോപ്പിൽ ബസ് തടഞ്ഞു. ചെളി തെറിപ്പിച്ചതിൻ്റെ പേരിൽ ജബ്ബാറും ബസ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. റോഡ് നിറയെ കുഴിയാണെന്നും ഇത് മുഴുവന്‍ ശ്രദ്ധിച്ച് വാഹനം ഓടിക്കുക സാധ്യമല്ലെന്നുമായിരുന്നു ബസ് ജീവനക്കാരുടെ നിലപാട്. നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു. ചെളി പറ്റി നാശമായ വസ്ത്രത്തിന് നഷ്ടപരിഹാരമായി ആയിരം രൂപ നൽകണമെന്ന് ബൈക്ക് യാത്രികനായ ജബ്ബാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇതിന് തയ്യാറായില്ല. തർക്കം മൂർച്ഛിച്ച് ബസ് വഴിയിൽ കിടന്നതോടെ പൊലീസ് സ്ഥലത്തെത്തി. ഇരുകൂട്ടരോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപെട്ട് പൊലീസ് സ്ഥിതി ശാന്തമാക്കി.
വസ്ത്രത്തിൽ ചെളി തെറിപ്പിച്ച ബസിനെ പിന്തുടർന്ന് പിടിച്ചു…1000രൂപ ആവശ്യപ്പെട്ട് തർക്കം…
Kesia Mariam
0
Tags
Top Stories