റിലയൻസ് ജിയോ തങ്ങളുടെ ജിയോഭാരത് ഫീച്ചർ ഫോണുകളുടെ നിരയിലേക്ക് രണ്ട് പുതിയ ഫീച്ചർ ഫോണുകൾ കൂടി അവതരിപ്പിച്ചു. ജിയോഭാരത് V2 ൻ്റെ വിജയത്തിന്റെ പിന്തുടർച്ചയായി ജിയോഭാരത് V3 ( JioBharat V3), ജിയോഭാരത് V4 ( JioBharat V4) എന്നീ ഫീച്ചർ ഫോണുകളാണ് പുതിയതായി അവതരിപ്പിച്ചത്. നിലവിൽ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024-ൽ ആണ് ഈ ഫോണുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അധികം വൈകാതെ വിപണിയിലേക്ക് ഇവ അവതരിപ്പിക്കും. ബജറ്റ് വിലയിൽ മികച്ച സൗകര്യങ്ങളോട് കൂടിയ ഫോൺ എന്നതാണ് ജിയോഭാരത് ഫീച്ചർ ഫോണുകൾ വാഗ്ദാനം ചെയ്യുന്നത്.
ജിയോഭാരത് V3 സ്റ്റൈൽ കേന്ദ്രമാക്കി എത്തുന്ന ഒരു ഫീച്ചർ ഫോൺ ആണ്. സുഗമമായ രൂപകൽപ്പനയും പെർഫോമൻസും ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. കാണാൻ അഴകുള്ള ഒരു ഫോൺ കൊണ്ടുനടക്കാൻ ഇഷ്ടപ്പെടുന്ന ഫീച്ചർ ഫോൺ പ്രേമികൾക്ക് അനുയോജ്യമായ വിധത്തിലാണ് ജിയോ ഈ ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.
ഫാഷനും പ്രവർത്തനക്ഷമവുമായ ഫോൺ ആഗ്രഹിക്കുന്ന ആധുനിക ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിലാഷങ്ങളെ ജിയോഭാരത് V3 പ്രതിഫലിപ്പിക്കുന്നു. അതേസമയം ജിയോഭാരത് V4, ഗുണനിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഉപയോക്താക്കളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനുള്ള നവീകരണങ്ങൾ ഈ ഫീച്ചർ ഫോണുകളിൽ നടത്തിയിട്ടുണ്ട് എന്നാണ് ജിയോ വ്യക്തമാക്കുന്നത്. യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്ന ജിയോയുടെ ഡിജിറ്റൽ സേവനങ്ങളുടെ സ്യൂട്ട് ഈ രണ്ട് ഫോണുകളിലും പ്രീലോഡ് ചെയ്തിരിക്കുന്നു.
ജിയോഭാരത് V3, V4 ഫീച്ചർ ഫോണുകളിൽ ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് ജിയോ സേവനങ്ങൾ: 455-ലധികം ലൈവ് ടിവി ചാനലുകളിലേക്ക് ആക്‌സസ് വാഗ്ദാനം ചെയ്യുന്ന ജിയോടിവി. ഇത് ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഷോകൾ, വാർത്തകൾ അല്ലെങ്കിൽ സ്‌പോർട്‌സ് എന്നിവ ഒരിക്കലും നഷ്‌ടപ്പെടുത്തില്ലെന്ന് ഉറപ്പാക്കുന്നു. സിനിമകൾ, വീഡിയോകൾ, സ്‌പോർട്‌സ് കണ്ടന്റുകൾ എന്നിവയുടെ വിപുലമായ ശ്രേണിയുമായി ജിയോസിനിമ. ഇത് ഉപയോക്താവിൻ്റെ വിരൽത്തുമ്പിൽ തന്നെ എന്റർടെയ്ൻമെന്റ് വാഗ്ദാനം ചെയ്യുന്നു.
ജിയോപേ: ഇത് യുപിഐ സംയോജനവും ഇൻ-ബിൽറ്റ് സൗണ്ട് ബോക്സും വഴി ഡിജിറ്റൽ പേയ്‌മെൻ്റുകൾ സുഗമമാക്കുന്നു. ജിയോ ചാറ്റ്: ഇത് അൺലിമിറ്റഡ് വോയ്‌സ് മെസേജിംഗ്, ഫോട്ടോ ഷെയർ, ഗ്രൂപ്പ് ചാറ്റ് ഓപ്‌ഷനുകൾ എന്നിവ നൽകിക്കൊണ്ട് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
ഹാർഡ്‌വെയറിൻ്റെ കാര്യമെടുത്താൽ, ജിയോഭാരത് V3, V4 എന്നിവ 1000 mAh ബാറ്ററിയുമായാണ് എത്തുന്നത്. ഇത് ദിവസം മുഴുവൻ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നു. 128 GB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് ഉള്ളതിനാൽ, ഉപയോക്താക്കളുടെ ഫോട്ടോകൾക്കും വീഡിയോകൾക്കും ആപ്പുകൾക്കുമായി ധാരാളം ഇടമുണ്ട്. ഈ ഫോണുകൾ 23 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നു.
വിപണിയിൽ എത്തുമ്പോഴേ ജിയോഭാരത് വി3, വി4 എന്നിവയുടെ ഹാർഡ്വെയർ ഫീച്ചറുകൾ വിശദമായി അറിയാൻ കഴിയൂ. ഫീച്ചറുകളെക്കാളുപരി കുറഞ്ഞ വിലയാണ് ജിയോഭാരത് ഫോണുകളെ വേറിട്ടു നിർത്തുന്നത്. കൂടാതെ പ്രത്യേകം റീച്ചാർജ് പ്ലാനുകളും ജിയോഭാരത് ഫോണുകൾക്കായി ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു.
ജിയോഭാരത് വി3, വി4 ഫീച്ചർ ഫോണുകൾ 1099 രൂപ വിലയിലാണ് എത്തുന്നത്. കൂടാതെ വെറും 123 രൂപയ്ക്ക് ഈ ഫോണിനായുള്ള പ്രതിമാസ റീചാർജ് പ്ലാനുകൾ ലഭ്യമാണ്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 14 ജിബി ഡാറ്റയും വാഗ്ദാനം ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
മറ്റ് ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് ഏകദേശം 40% ലാഭത്തിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ വിപണിയിലെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണെന്ന് ജിയോ പറയുന്നു. ആമസോൺ, ജിയോമാർട്ട്, ഫിസിക്കൽ ഫോൺ സെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങൾ വഴി ഈ ഫോണുകൾ വൈകാതെ ലഭ്യമാകും.