സ്ഥിരം മൊബൈൽ ഫോൺ മോഷ്ടാവിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി, 12 ഫോണുകൾ കണ്ടെടുത്തു


 പത്തനംതിട്ട:     കഴിഞ്ഞയാഴ്ച്ച പിടികൂടി റിമാൻഡ് ചെയ്യപ്പെട്ട സ്ഥിരം മൊബൈൽ ഫോൺ മോഷ്ടാവിന്റെ വീട്ടിൽ നിന്നും 12 ഫോണുകൾ  കോയിപ്രം പോലീസ് കണ്ടെടുത്തു. ഇലവുംതിട്ട പ്ലാന്തോട്ടത്തിൽ റിനു റോയി (31)യുടെ വീട്ടിൽ നിന്നാണ് ഇന്നലെ പോലീസ് ഇവ കണ്ടെത്തിയത്. അരുവിക്കുഴി വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തുന്നവരുടെ മൊബൈൽ ഫോണുകളാണ് സ്ഥിരമായി ഇയാൾ മോഷ്ടിച്ചുകൊണ്ടിരുന്നത്. ഈ വെള്ളച്ചാട്ടത്തിനു സമീപത്ത് നിന്നുതന്നെ മോഷ്ടാവിനെ കയ്യോടെ  പിടികൂടിയിരുന്നു. 

        പ്രതിക്കെതിരെ കോയിപ്രം പോലീസ് അന്ന് മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. തുടർന്ന്, റിമാൻഡ് ചെയ്യപ്പെട്ട പ്രതി കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞുവരികയാണ്. പോലീസ് കോടതിയിൽ അപേക്ഷ നൽകി ഇയാളെ കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. പുരയിടത്തിലെ തെങ്ങിലെ തേങ്ങ വെട്ടിനശിപ്പിച്ചത് ചോദ്യം ചെയ്തതിന് അച്ഛനെ മർദ്ദിച്ച് കൈ തല്ലിയൊടിച്ച കേസിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ആലപ്പുഴ കുറത്തിയാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്. പോലീസ് സംഘത്തിൽ  എസ് ഐ പി സുരേഷ് കുമാർ, എസ് സി പി ഓമാരായ 
ഷെബി, അഭിലാഷ് കുമാർ,  സുരേഷ്, 
സി പി ഓ രതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
 
أحدث أقدم