ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ചു; 12 വർഷത്തിനു ശേഷം പുറത്തെടുത്തു


ഗ്യാങ്ടോക് / സിക്കിം : : 12 വർഷം മുമ്പ് നടന്ന ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ യുവതിയുടെ വയറ്റിൽ വെച്ച് മറന്ന കത്രിക കണ്ടെത്തി. കടുത്ത വയറ് വേദനയുമായാണ് യുവതി 10 വർഷം മുമ്പ് ചികിത്സ തേടാനെത്തിയത്. പരിശോധനയിൽ അപ്പന്റിക്സ് ആണെന്ന് കണ്ടെത്തുകയും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിക്കുകയും ചെയ്തു. എന്നാൽ ശസ്ത്രക്രിയക്കു ശേഷം വർഷങ്ങളോളം വേദന വിടാതെ പിന്തുടർന്നു. 

നിരവധി ഡോക്ടർമാർ പരിശോധിച്ചിട്ടും കാരണം കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ ഈ മാസാദ്യം നടത്തിയ എക്സ് റേ പരിശോധനയിലാണ് 45കാരിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. സിക്കിമിലെ സര്‍ ഥുതോബ് നാംഗ്യാല്‍ ആശുപത്രിയില്‍ പന്ത്രണ്ട് വര്‍ഷം മുമ്പ് നടത്തിയ അപ്പന്റിക്‌സ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലാണ് യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചത്. പന്ത്രണ്ടുവര്‍ഷക്കാലം വേദന സഹിച്ച് പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും വേദനാസംഹാരികള്‍ നല്‍കി ഡോക്ടര്‍മാര്‍ തിരിച്ചയക്കുകയായിരുന്നു. ശസ്ത്രക്രിയ നടന്ന അതേ ആശുപത്രിയില്‍ വെച്ചാണ് ഒക്ടോബര്‍ എട്ടിന് യുവതിയുടെ വയറിന്റെ എക്‌സറേ എടുത്തതും അടിവയറ്റില്‍ കത്രിക കണ്ടെത്തിയതും

 ഉടന്‍ തന്നെവൈദ്യസംഘം യുവതിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റുകയും സര്‍ജറിയിലൂടെ കത്രിക പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു. യുവതി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഈ വാര്‍ത്ത പരന്നതോടെ ആശുപത്രിയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് ആക്ഷേപമുയരുകയും സംസ്ഥാനത്തെ ആരോഗ്യരംഗത്തെക്കുറിച്ച് വിമര്‍ശനമുയരുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. 
أحدث أقدم