15വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ഉപയോഗിച്ച് രണ്ടാനച്ഛൻ മോഷ്ടിച്ചത് 40 സൈക്കിളുകൾ. ബെംഗളൂരുവിലാണ് സംഭവം. റായ്ച്ചൂർ സ്വദേശിയായ 24കാരനായ മൊഹമ്മദ് ഫായസുദ്ദീനാണ് 15കാരിയെ ഉപയോഗിച്ച് സൈക്കിളുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്നത്. ബേഗൂർ കൊപ്പ റോഡിലെ ഹുല്ലാഹള്ളി ഭാഗത്ത് ദിവസ വേതനക്കാരനാണ് ഇയാൾ.
കടക്കെണിയിലായതോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് മോഷണം ആരംഭിച്ചത്. സൌത്ത് ബെംഗളൂരുവിൽ നിന്നായി ഇവർ മോഷ്ടിച്ച 22 സൈക്കിളുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്യ ഈ വർഷം ആദ്യമാണ് ഇവർ സൈക്കിൾ മോഷണം ആരംഭിച്ചത്. പുത്തൻ സൈക്കിൾ മോഷണം പോയതിന് പിന്നാലെ ബെംഗളൂരു സ്വദേശി നൽകിയ പരാതിയേ തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ടാനച്ഛനും 15കാരിയും പിടിയിലാകുന്നത്. മാളുകളും ഫ്ലാറ്റുകളുടെ പരിസരത്തുമായി നിർത്തിയിട്ടിരുന്ന സൈക്കിളുകൾ വളരെ തന്ത്രപരമായി ആയിരുന്നു ഇവർ മോഷ്ടിച്ചിരുന്നത്. മിക്കയിടത്തും സിസിടിവികളിൽ നിന്ന് 15കാരിയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലോക്ക് ചെയ്യാത്ത സൈക്കിളുകൾ രണ്ടാനച്ഛനൊപ്പം സ്കൂട്ടറിൽ ചുറ്റി നടന്ന് കണ്ടെത്തി മോഷ്ടിക്കുന്നതായിരുന്നു ഇവരുടെ രീതി.