ദേ വരണുണ്ട് അടുത്തത്കേട്ടോ ..!! വീണ്ടും വൈദ്യുതി നിരക്ക് കൂട്ടാന്‍ തയ്യാറെടുക്കുകയാണ് റഗുലേറ്ററി കമ്മീഷന്‍ : 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് ഈ മാസം അവസാനം പ്രഖ്യാപിക്കാനാണ് ആലോചന !!



നിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി ശുപാര്‍ശ ചെയ്തതിനുശേഷം വിവിധ ജില്ലകളില്‍ കമ്മീഷന്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്കു വര്‍ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ റഗുലേറ്ററി കമ്മിഷനും വൈദ്യുതി വകുപ്പിനും ഇതിനോടു യോജിപ്പില്ല. സര്‍ക്കാരിന്റെ പേടി നവംബര്‍ 13 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തെ നിരക്ക് വര്‍ദ്ധന ബാധിക്കുമോ എന്നാണ്.

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധിപ്പിക്കാമെന്നാണ് സര്‍ക്കാരിന്റെ മനസ്സിലിരിപ്പ്. ഒക്ടോബര്‍ അവസാനവാരം 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ച് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യം നല്‍കാനായിരുന്നു റെഗുലേറ്ററി കമ്മീഷന്റെ തയ്യാറെടുപ്പ്. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പൊതുജനാഭിപ്രായം കേട്ടശേഷം താരിഫ് അന്തിമമായി നിര്‍ണയിക്കുന്ന ഘട്ടത്തിലാണ് റെഗുലേറ്ററി കമ്മീഷന്‍. നാല് ജില്ലകളിലായി നടത്തിയ പൊതു തെളിവെടുപ്പ് യോഗങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. പങ്കെടുത്ത പലരും കെ.എസ്.ഇ.ബി യുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചിരുന്നു. നിരക്ക് വര്‍ദ്ധനവിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍, പൊതുജനങ്ങളുടെ അഭിപ്രായത്തിന് കമ്മീഷന്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നാണ് ആക്ഷേപം.

പൊതുജനങ്ങളുടെ അഭിപ്രായത്തെ മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി നിരക്ക് വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത് പൊതുജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊതു തെളിവെടുപ്പ് യോഗം നടത്താതെ നാല് ജില്ലകളില്‍ മാത്രം തെളിവെടുപ്പ് യോഗങ്ങള്‍ നടത്തി മുന്നോട്ടുപോകുന്ന റെഗുലേറ്ററി കമ്മീഷന്റെ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എല്ലാ ജില്ലകളിലും തെളിവെടുപ്പ് യോഗങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. കോടതി ഈ ഹര്‍ജി പരിഗണിച്ചു വരികയാണ്.

റെഗുലേറ്ററി കമ്മീഷന്റെ ഈ സമീപനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പൊതു തെളിവെടുപ്പ് യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കെഎസ്ഇബിയുടെ അനാവശ്യ ചിലവുകള്‍ കുറയ്ക്കുകയും എല്ലാ വിഭവങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തി മുന്നോട്ടു പോയാല്‍ സംസ്ഥാനത്തും വൈദ്യുതി സൗജന്യമായി നല്‍കാന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

എന്നാല്‍ പൊതുജനങ്ങളെ കൊള്ളയടിച്ചു കൊണ്ടുള്ള സമീപനമാണ് കെഎസ്ഇബി സ്വീകരിച്ചു വരുന്നത്. ഇതിനെ തടയാന്‍ അധികാരമുള്ള റഗുലേറ്ററി കമ്മീഷനും ഈ കൊള്ളക്ക് കൂട്ടുനില്‍ക്കുന്നത് പൊതുജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. കെഎസ്ഇബിയുടെ കൊള്ളക്കെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി സംസ്ഥാന വ്യാപകമായി പോസ്റ്റര്‍ ക്യാമ്പയിനുകളും,മറ്റു പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചുവരികയാണ്.

പൊതുജനങ്ങളുടെ ഈ പ്രതിഷേധം കണക്കിലെടുക്കാതെ വീണ്ടും,വീണ്ടും നിരക്ക് വര്‍ദ്ധിപ്പിച്ച് ഉപഭോക്താക്കളെ പ്രതിസന്ധിയില്‍ ആക്കുന്ന ഈ നിലപാട് സ്വാഗതാര്‍ഹമല്ല. നിരക്കു വര്‍ധനവില്‍ നിന്നും റെഗുലേറ്ററി കമ്മീഷനും കെഎസ്ഇബിയും പിന്മാറണമെന്നാണ് ആം ആദ്മി ആവശ്യപ്പെട്ടത്.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ രണ്ടു തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. 2022 ജൂണ്‍ 26നും 2023 നവംബര്‍ 1നുമാണ് നിരക്ക് വര്‍ധന നടപ്പാക്കിയത്. 0-40 പ്രതിമാസ ഉപയോഗമുള്ള ബിപിഎല്‍ വിഭാഗത്തെ വര്‍ധനവില്‍നിന്ന് ഒഴിവാക്കിയിരുന്നു. ബാക്കി യൂണിറ്റുകള്‍ രണ്ടു തവണയായി 10 പൈസ മുതല്‍ 90 പൈസ വരെ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമേയാണു പുതിയ നിരക്കു വര്‍ധനയ്ക്കുള്ള ശുപാര്‍ശ നടപ്പാക്കാന്‍ പോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 0-50 യൂണിറ്റിന് 3.15 രൂപയായിരുന്നു നിരക്ക്. ഇപ്പോള്‍ ഇത് 3.25 രൂപയാണ്. ഇത് 2024-25ല്‍ 3.35 ആയും അടുത്ത വര്‍ഷം 3.50 രൂപയായും വര്‍ധിപ്പിക്കണമെന്നാണു ശുപാര്‍ശ.

കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത് ശരാശരി 4.45% നിരക്കുവര്‍ധനയാണ്. ഇതുകൂടാതെ വേനല്‍ക്കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി സമ്മര്‍ താരിഫ് എന്ന നിര്‍ദേശവും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫായി ഈടാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു. എന്നാല്‍, വൈദ്യുതി വകുപ്പ് ഇതിനോട് യോജിക്കുന്നില്ല.
أحدث أقدم