ഒമാനിൽ കനത്ത മഴ; സുർ വിലായത്തിൽ മൂന്ന് ദിവസം കൊണ്ട് പെയ്തത് 215 മില്ലീമീറ്റര്‍ മഴ



മസ്‌ക്കറ്റ്: ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ രണ്ടു ദിവസമായ പെയ്യുന്ന മഴ ഇന്നും തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ രാജ്യത്ത് റെക്കോഡ് മഴയാണ് ലഭിച്ചതെന്ന് ഒമാനിലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബര്‍ 14 മുതല്‍ ഒക്ടോബര്‍ 16 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര്‍ വിലായത്തിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്.

ഇവിടെ 215 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കി. 170 മില്ലീമീറ്റര്‍ മഴയുമായി മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഖുറയ്യാത്ത് വിലായത്ത് മഴയുടെ കാര്യത്തില്‍ രണ്ടാമതെത്തി. മസ്‌കറ്റ് വിലായത്തില്‍ ലഭിച്ചത് 100 മില്ലീമീറ്റര്‍ മഴയും നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജലാന്‍ ബാനി ബു അലി വിലായത്തില്‍ 94 മില്ലീമീറ്റര്‍ മഴയുമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ബുറൈമി, ഇബ്ര, മുദൈബി, അല്‍ ഖാബില്‍, സൂര്‍, ബഹ്ല, ഹൈമ, റൂവി, വാദി കബീര്‍, എംബിഡി, മഹ്ദ, സുഹാര്‍, ലിവ, യാങ്കല്‍, ശിനാസ്, ജഅലാന്‍ ബനീ ബൂ അലീ, ഇസ്‌കി, നിസ്വ, സമാഇല്‍, വാദി അല്‍ ജിസീ, മഹൂത്ത്, മസീറ, ദല്‍കൂത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നല്ല രീതിയിലുള്ള മഴ ലഭിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളില്‍ വാദികള്‍ നിറഞ്ഞു കവിഞ്ഞു. ഇതോടെ പലയിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

അതേസമയം കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഹനങ്ങളിലും വെള്ളം കയറിയ വീടുകളിലും കുടുങ്ങിവരെ സിവില്‍ ഡിഫന്‍സ് സൈനികര്‍ രക്ഷപ്പെടുത്തി. ചിലയിടങ്ങില്‍ വൈദ്യുതി തടസ്സം നേരിട്ടെങ്കിലും അവ പൂര്‍ണമായും പുനസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി.


കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും റോഡുകള്‍ അടച്ചെങ്കിലും ഗതാഗതത്തെ കാര്യമായി ഗതാഗത തടസ്സം നേരിട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധിയാണ്. മസ്‌കറ്റ്, തെക്ക് വടക്ക് ശര്‍ഖിയ, ദാഖിലിയ, തെക്ക് വടക്ക് ബാത്തിന, ബുറൈമി, ദാഹിറ ഗവര്‍ണറേറ്റുകളിലാണ് അവധി നല്‍കിയത്. പലയിടങ്ങളിലും ഓണ്‍ലൈനായി പഠനവും ജോലിയും തുടര്‍ന്നു.
മസ്‌കത്ത്, ദാഖിലിയ, അല്‍ വുസ്ത, തെക്ക്വടക്ക് ശര്‍ഖിയ, തെക്ക്വടക്ക് ബാത്തിന, ദോഫാര്‍, ബുറൈമി, അല്‍ വുസ്ത, ദാഹിറ ഗവര്‍ണറേറ്റുകളില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റും ഇടിയും ആലിപ്പഴ വര്‍ഷവും ഉണ്ടാവാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഴ പെയ്യുന്ന സമയങ്ങളില്‍ വാദികള്‍ മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഏവിയേഷന്‍ വിഭാഗം നേരത്തേ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.


أحدث أقدم