23-കാരൻ്റെ ചെറുകുടലിൽ നിന്ന് നീക്കം ചെയ്തത് മൂന്ന് സെൻ്റീമീറ്റർ വലിപ്പമുള്ള ജീവനുള്ള പാറ്റയെ. വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിൽ നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകൾ ഉപയോഗിച്ചാണ് പാറ്റയെ നീക്കം ചെയ്തത്. 10 മിനിറ്റ് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി വക്താവ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതിൽ ബുദ്ധിമുട്ടും യുവാവിന് ഉണ്ടായിരുന്നതായി മെഡിക്കൽ സംഘത്തെ നയിച്ച ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കൺസൾട്ടൻറ് ശുഭം വാത്സ്യ പറഞ്ഞു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗിയുടെ ചെറുകുടലിൽ ജീവനുള്ള പാറ്റയെ കണ്ടെത്തിയത്.കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത്തരം കേസുകൾ ജീവന് തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗി ഭക്ഷണം കഴിക്കുമ്പോൾ പാറ്റയെ വിഴുങ്ങിയതോ, ഉറങ്ങുമ്പോൾ വായിൽ കയറിയതോ ആകാമെന്നും ശുഭം വാത്സ്യ കൂട്ടിച്ചേർത്തു.