കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് നാഗരാജ് പറഞ്ഞു. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാഗരാജ് പറഞ്ഞു.
“കഴിഞ്ഞ കുറേക്കാലമായി കേരളത്തിലുള്ള തമിഴ്നാട് സ്വദേശിയാണ് നാഗരാജ്. കേരളത്തിൽ വന്നിട്ട് 15 വർഷമായി. ഈ വർഷത്തിൽ 10 വർഷം നിരവധി ലോട്ടറി കടകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ആദ്യം ഒരു ഹോട്ടലിൽ ആയിരുന്നു ജോലി ചെയ്തത്. സുൽത്താൻ ബത്തേരിയിലെ ബസ്റ്റന്റിൽ കാല് വയ്യാത്ത ഒരാൾക്കൊപ്പം ലോട്ടറി വിറ്റു. സുൽത്താൻ ബത്തേരിയിലെ എംജി റോഡിലാണ് ഷോപ്പ്. അഞ്ച് വർഷം ആയതേ ഉള്ളൂ ഷോപ്പ് തുടങ്ങിയിട്ട്. ജൂലൈയിൽ ഞാൻ വിറ്റ ടിക്കറ്റിന് 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചിരുന്നു. വീണ്ടും വീണ്ടും ഭാഗ്യം തേടി വരികയാണ്. നാഗരാജ് എന്ന എന്റെ പേരിലെ മൂന്ന് അക്ഷരങ്ങളാണ് കടയ്ക്കും കൊടുത്തിരിക്കുന്നത്. മലയാളികൾ മാത്രമല്ല തമിഴ്നാട്ടുകാരും ടിക്കറ്റ് എടുക്കുന്നുണ്ട്. ഒന്നും പറയാൻ പറ്റുന്നില്ല. ആദ്യമായിട്ടാണ് സാർ.. കയ്യും കാലും വിറയ്ക്കുന്നുണ്ട്”, എന്ന് നാരഗാജ് പറയുന്നു.