26കാരിയെ മയക്കുമരുന്ന് കുത്തിവെച്ച് മയക്കി ബലാത്സംഗം ചെയ്തു, വീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയില്‍, ഡോക്ടര്‍ അറസ്റ്റില്‍




കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ അലയൊലി അടങ്ങുന്നതിനു മുമ്പേ, കൊല്‍ക്കത്തയില്‍ ബലാത്സംഗക്കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗാനാസിലെ ഹസ്‌നാബാദിലാണ് സംഭവം. ചികിത്സ തേടിയെത്തിയ 26 കാരിയായ യുവതിയെ ഡോക്ടര്‍ മയക്കുമരുന്ന് കുത്തിവെച്ച് മയക്കിയശേഷം ബലാത്സംഗം ചെയ്തു. ലൈംഗികാതിക്രമത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

 പീഡനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും ഡോക്ടര്‍ പണം തട്ടുകയും ചെയ്തു. നാലുലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ ഡോക്ടര്‍ നൂര്‍ ആലം സര്‍ദാറിനെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് ഡോക്ടര്‍ യുവതിയെ പലവട്ടം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

ഡോക്ടറുടെ ശല്യം സഹിക്കാനാവാത്തതോടെയാണ് യുവതിയും ഭര്‍ത്താവും ഹസ്‌നാബാദ് പൊലീസില്‍ പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബറൂന്‍ഘട്ട് ഏരിയയിലെ ക്ലിനിക്കില്‍ നിന്നും ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ബാസിര്‍ഘട്ട് എസ്പി ഹൊസെയ്ന്‍ മെഹ്ദി റഹ്മാന്‍ പറഞ്ഞു.
أحدث أقدم