വരാനിരിക്കുന്ന മലയാള ചിത്രങ്ങളില്‍ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, ഉണ്ണി മുകുന്ദൻ ചിത്രമാണ് മാർക്കോ. മലയാളത്തിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന വിശേഷണവുമായെത്തുന്ന ‘മാർക്കോ’യുടെ ഒഫീഷ്യൽ ടീസർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മാർക്കോയെ ഹിന്ദി പ്രേക്ഷകർക്ക് കൂടി പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.
ബോളിവുഡ് താരം ജോൺ എബ്രഹാമാണ് ഹിന്ദി ടീസർ റിലീസ് ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. 5 ഭാഷകളിൽ റിലീസിനായി ഒരുങ്ങുന്ന ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിലൂടെ ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നൂറ് ദിവസത്തോളമുള്ള ചിത്രീകരണം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.