ഷിംല: ട്രെയിനില്‍ യാത്രചെയ്യുന്ന നമ്മില്‍ മിക്കവര്‍ക്കും ടിക്കറ്റുമായി ബന്ധപ്പെട്ട് പിഴ ലഭിക്കുകയോ, കംപാര്‍ട്ട്‌മെന്റ് മാറിക്കയറേണ്ടിവരികയോ ഒക്കെ ചെയ്യേണ്ടിവന്ന അനുഭവങ്ങളുണ്ടാവും. ഇന്നും മുഷിയാതെ, യാത്രക്ഷീണം അധികം അനുഭവിക്കാതെ ദീര്‍ഘദൂരം യാത്രചെയ്യേണ്ടിവരുമ്പോഴെല്ലാം നാം ട്രെയിനുകളെയാണ് ആശ്രയിക്കാറ്.
ഏറ്റവും കുറഞ്ഞ ചെലവില്‍ സ്ലീപര്‍ ബെര്‍ത്തില്‍പോലും യാത്രചെയ്യാനവുന്നവയാണ് നമ്മുടെ ട്രെയിന്‍ സര്‍വിസ്.
നമുക്കിടയില്‍ ഇന്നും ട്രെയിന്‍ സര്‍വിസ് സൂപ്പര്‍ഹിറ്റായി മുന്നേറുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ഇതെല്ലാം ടിക്കറ്റ് എടുത്തു യാത്ര ചെയ്യേണ്ടുന്ന ട്രെയിനുകളുടെ കാര്യമാണ്. എന്നാല്‍ ഒരു രൂപപോലും നല്‍കാതെ തികച്ചും സൗജന്യമായി സഞ്ചരിക്കാവുന്ന ഒരു ട്രെയിനും ഇന്ത്യയില്‍ ഓടുന്നുണ്ട്. സത്യമാണ്, എല്ലാ ദിവസവും സര്‍വ്വീസ് നടത്തുന്ന ട്രെയിനില്‍ ടിടിയോ, ടിക്കറ്റ് പരിശോധനക്കായി എത്തുന്ന സ്‌ക്വഡോ ഒന്നുമില്ല. ഇത് ഇ്ന്ത്യന്‍ റെയില്‍വേയുടെ പ്രോപേര്‍ട്ടിയുമല്ല.
75 വര്‍ഷമായി ഈ ട്രെയിന്‍ ഓടുന്നു. നമ്മുടെ സമീപ സംസ്ഥാനങ്ങളിലൊന്നുമല്ലട്ടോ, അതുകൊണ്ട് വേഗം പോയി യാത്ര ചെയ്യാമെന്നു വിചാരിക്കുകയും വേണ്ട. ഭക്രാ-നംഗല്‍ എന്നാണ് ഈ സൗജന്യ ട്രെയിനിന്റെ പേര്. പഞ്ചാബിന്റെയും ഹിമാചലിന്റെയും അതിര്‍ത്തികളിലൂടെ അണക്കെട്ടുകളായ ഭക്രയ്ക്കും നംഗലിനും ഇടയിലാണ് ഈ ട്രെയിന്‍ സര്‍വ്വീസ്. ശിവാലിക് മലനിരകളിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍ മഹാനദിയായ സത്ലുജ് മുറിച്ചുകടന്നാണ് പോകുന്നത്. 25 ഗ്രാമങ്ങള്‍ ചുറ്റിപോകുന്ന ഈ സര്‍വ്വീസില്‍ ദിനേന എണ്ണൂറോളം ആളുകള്‍ ഈ ട്രെയിനിനെ ആശ്രയിക്കുന്നു. പ്രത്യേകിച്ചും തൊഴിലാളികളും സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇവരില്‍ പ്രധാനം.
ഭക്രയില്‍നിന്നും നംഗയേലേക്കെത്താന്‍ ഒന്നേകാല്‍ മണിക്കൂര്‍ സമയമാണ് വേണ്ടത്. ദിവസവും രാവിലെ 7.05ന് നംഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.20ന് ഭക്രയില്‍ എത്തും. വൈകുന്നേരം 3.05ന് മടങ്ങുന്ന ട്രെയിന്‍ 4.20 ആകുമ്പോഴേക്ക് ഭക്രയിലെത്തും. നംഗലില്‍ നിന്ന് യാത്രാസൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്താണ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. ആവി എഞ്ചിനുകളാണ് 1948ല്‍ ആരംഭിച്ച ഈ ട്രെയിന്‍ സര്‍വ്വീസിന് ഉപയോഗിച്ചിരുന്നത്.
ഭക്രാ- നംഗല്‍ ഡാമിന്റെ പണി നടന്നുകൊണ്ടിരുന്ന സമയമായതിനാല്‍ ചരക്ക് നീക്കം കൂടി ഉദ്ദേശിച്ചായിരുന്നു ട്രെയിന്‍ സര്‍വ്വീസ് തുടങ്ങിയത്. എന്നാല്‍ 1953ല്‍ അമേരിക്കയില്‍നിന്ന് മൂന്ന് ആധുനിക എഞ്ചിനുകള്‍ എത്തിച്ചതോടെ കരിഎഞ്ചിന്‍ ഓര്‍മയായി. ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോര്‍ഡ്(ബിബിഎംബി) ആണ് ഈ പൈതൃക ട്രെയിന്‍ സര്‍വിസ് നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍വിസ് നിര്‍ത്തുന്നതിന് ആലോചിച്ചിരുന്നെങ്കിലും ഇന്നും മുടക്കമില്ലാതെ ഈ പാളത്തിലെ മൂന്നു തുരങ്കങ്ങളെയും ആറ് സ്റ്റേഷനുകളെയും ശബ്ദമുഖരിതമാക്കി ട്രെയിന്‍ അവിരാമം സഞ്ചരിക്കുന്നു.