കോൺഗ്രസിൽ ആശയക്കുഴപ്പം…കത്ത് ആയുധമാക്കി എൽഡിഎഫും എൻഡിഎയും…




നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കെ മുരളീധരൻ്റെ പേര് നിർദ്ദേശിച്ച് ഡിസിസി പ്രസിഡന്റ് എഐസിസിക്ക് നൽകിയ കത്ത് പുറത്ത് വന്നതോടെ കോൺഗ്രസിൽ ആശയക്കുഴപ്പം. കെ മുരളീധരനെ പിന്തുണച്ച ഡിസിസി നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. കത്ത് പുറത്ത് വന്നതോടെ ഇത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കത്ത് ചർച്ചയാകുന്നത് തിരിച്ചടിയാകുമോ എന്നാണ് നേതൃത്വത്തിൻ്റെ ആശങ്ക.

അതേസമയം, ഡിസിസി പ്രസിഡന്റിന്റെ കത്ത് ആയുധമാക്കാനാണ് എൽഡിഎഫിന്റെയും എൻഡിഎയുടെയും തീരുമാനം. കെ മുരളീധരനെ വഞ്ചിച്ചെന്ന് ഇരുമുന്നണികളും ഇതിനോടകം ആരോപണം ഉന്നയിച്ചു കഴിഞ്ഞു. കെ കരുണാകരന്റെ കുടുംബത്തെ അപമാനിച്ച രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത് മുരളീധരനെ പൂർണ്ണമായും വഞ്ചിച്ചതിന്റെ തെളിവാണെന്നാണ് ബിജെപി, സിപിഐഎം നേതൃത്വത്തിന്റെ പ്രതികരണം. ഡിസിസി അധ്യക്ഷന്റെ കത്ത് തുടർ ദിവസങ്ങളിൽ പാലക്കാട് പ്രധാന ചർച്ചാ വിഷയമാകും.
أحدث أقدم